ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഡിജിറ്റൽ ബുക്കിം​ഗ്, സുരക്ഷാജോലിക്കായി 5000 പൊലീസുകാർ

പൊലീസിന്‍റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം കെഎസ്ആര്‍ടിസി സോഫ്‌റ്റ്‌വെയറുമായി ബന്ധിപ്പിക്കും
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഡിജിറ്റൽ ബുക്കിം​ഗ്, സുരക്ഷാജോലിക്കായി 5000 പൊലീസുകാർ

തിരുവനന്തപുരം : ശബരിമലയിലെ  തിരക്ക് നിയന്ത്രിക്കാൻ ഡിജിറ്റൽ ബുക്കിങ് സംവിധാനം കൊണ്ടുവരാൻ പൊലീസ് ഉന്നത തല യോ​ഗത്തിൽ തീരുമാനം. ചെങ്ങന്നൂരിലും പത്തനംതിട്ടയിലും അധികസൗകര്യങ്ങൾ ഏർപ്പെടുത്തും. പൊലീസിന്‍റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം കെഎസ്ആര്‍ടിസി സോഫ്‌റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ഇതിലൂടെ തീർഥാടകര്‍ ദര്‍ശനത്തിന് എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയാം.

അടിയന്തരഘട്ടങ്ങള്‍ നേരിടാൻ റാപിഡ് ആക്‌ഷന്‍ ഫോഴ്സിനേയും എന്‍ഡിആര്‍എഫിനെയും നിയോഗിക്കും. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ഇതര സംസ്ഥാനങ്ങളിലെ സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനും കൂടുതല്‍ പൊലീസിനെ നല്‍കാന്‍ മറ്റു സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. സന്നിധാനം, ഗണപതികോവില്‍നിന്നു നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കാനും വനിതാ തീർഥാടകര്‍ക്കു സുരക്ഷ ഒരുക്കാനും നടപടിയെടുക്കും.

മണ്ഡലകാലത്തു ശബരിമലയില്‍ സുരക്ഷാജോലിക്കായി 5000 പൊലീസുകാരെ നിയമിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, വടശ്ശേരിക്കര സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. പൊലീസ് ആസ്ഥാനത്ത് ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേർ‌ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് എല്ലാ സൗകര്യവും ഒരുക്കാൻ സർക്കാരും ദേവസ്വം ബോർഡും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ചെയ്യുന്നതുപോലെ ശബരിമലയിലും ദർശനത്തിനെത്തുന്നവർക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയുന്നവരെ മാത്രമേ ഓരോദിവസവും അനുവദിക്കൂ. അല്ലാത്തവർക്ക് ബേസ് ക്യാമ്പിൽ വിശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com