ലൈംഗിക പീഡനത്തില്‍ തീര്‍പ്പ് നീളുന്നു; ആരോപണ വിധേയനായ പി കെ ശശിയും അന്വേഷണ കമ്മീഷന്‍ അംഗം എ കെ ബാലനും ഇന്ന് ഒരു വേദിയില്‍, റിപ്പോര്‍ട്ട് വരും വരെ ശശി കുറ്റക്കാരനല്ലെന്ന് സിപിഎം 

പികെ.ശശിക്ക് പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍
ലൈംഗിക പീഡനത്തില്‍ തീര്‍പ്പ് നീളുന്നു; ആരോപണ വിധേയനായ പി കെ ശശിയും അന്വേഷണ കമ്മീഷന്‍ അംഗം എ കെ ബാലനും ഇന്ന് ഒരു വേദിയില്‍, റിപ്പോര്‍ട്ട് വരും വരെ ശശി കുറ്റക്കാരനല്ലെന്ന് സിപിഎം 

പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന പി കെ ശശി എംഎല്‍എയും അന്വേഷണ കമ്മീഷന്‍ അംഗം മന്ത്രി എ കെ ബാലനും ഇന്ന് വൈകീട്ട് വേദി പങ്കിടും. മണ്ണാര്‍ക്കാട്ട്, സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ തച്ചമ്പാറയില്‍ ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുക. പരിപാടിയുടെ ഉദ്ഘാടകന്‍ മന്ത്രി എ കെ ബാലനാണ്. 

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പ്രകടനത്തിലും പി കെ ശശിയും എ കെ ബാലനും മുഴുവന്‍ സമയവും പങ്കെടുക്കുമെന്നാണ് നോട്ടീസിലുളളത്. പാര്‍ട്ടി അന്വേഷണം നേരിടുന്നുണ്ടെങ്കിലും ശശിയും അന്വേഷണ കമ്മീഷന്‍ അംഗവും വേദി പങ്കിടുന്നതില്‍ തെറ്റില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. പികെ.ശശിക്ക് പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു. 

അന്വേഷണ റിപ്പോര്‍ട്ട് വരും വരെ ശശി കുറ്റക്കാരനല്ലെന്നും ഇതുവരെ ഒരുപരിപാടിക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയംഗമായ പെണ്‍കുട്ടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ശശിക്കനുകൂലമായ നിലപാടാണ് പാര്‍ട്ടി കൈക്കൊള്ളുന്നതെന്ന ആക്ഷേപം പാര്‍ട്ടിയില്‍ ശക്തമാണ്. അതിനിടെയാണ് അന്വേഷണ കമ്മീഷന്‍ അംഗവും ആരോപണ വിധേയനും വേദി പങ്കിടുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല കമ്മറ്റിയില്‍ പി കെ ശശിയും എ കെ ബാലനും ഒരുമിച്ച് വേദിയിലെത്തുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. അടുത്ത മാസം ഷൊര്‍ണൂരില്‍ കാല്‍നട പ്രചരണ ജാഥയില്‍ പി കെ ശശി ക്യാപ്റ്റനാവുന്നതിനെതിരെയും പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com