'കേരളം കള്ളം പറയുന്നു, മുല്ലപ്പെരിയാറല്ല പ്രളയകാരണം'; ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പ് 152 അടിയാക്കുമെന്നും അണക്കെട്ട് ബലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി
'കേരളം കള്ളം പറയുന്നു, മുല്ലപ്പെരിയാറല്ല പ്രളയകാരണം'; ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

സേലം; പ്രളയം സമ്മാനിച്ച വേദനകളും നഷ്ടങ്ങളുമെല്ലാം മറന്ന് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് കേരള ജനത. അതിനിടെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് കൂട്ടുമെന്ന് പറഞ്ഞ കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി കെ. പളനിസ്വാമി. സേലത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍നിന്ന് 152 അടിയായി ഉയര്‍ത്തുമെന്ന് പളനിസ്വാമി പറഞ്ഞത്. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പ് 152 അടിയാക്കുമെന്നും അണക്കെട്ട് ബലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

മഴ തുടങ്ങുന്നതിനുമുമ്പ് പരിശോധനാസംഘം അണക്കെട്ട് ഉറപ്പുള്ളതാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നു. മഴയില്‍ കേരളത്തിലെ എല്ലാ അണക്കെട്ടുകളും നിറഞ്ഞുകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായി. എന്നാല്‍, മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം കാരണമാണ് പ്രളയമുണ്ടായതെന്ന തെറ്റായ കാര്യമാണ് കേരളം പ്രചരിപ്പിക്കുന്നതെന്ന് പളനിസ്വാമി പറഞ്ഞു. ജലനിരപ്പ് ഉയര്‍ത്താന്‍ നടപടിയെടുക്കുന്നതിനാലാണ് ഈ പ്രചാരണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ 136 അടിയായിരുന്ന ജലനിരപ്പ് നീണ്ടനാളത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ 142 അടിയായി സുപ്രീംകോടതി പുനര്‍ നിശ്ചയിക്കുകയായിരുന്നു. അണക്കെട്ട് ബലപ്പെടുത്തിയ ശേഷം തമിഴ്‌നാടിന്റെ ആവശ്യപ്രകാരം 152 അടിയാക്കുന്നത് ആലോചിക്കാമെന്നായിരുന്നു കോടതിവിധി. എന്നാല്‍ അതിനിടെ കേരളം പ്രളയത്തില്‍ മൂടിയത് തമിഴ്‌നാടിന്റെ നീക്കത്തിന് തിരിച്ചടിയായി. പ്രളയം കാരണം ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണം എന്ന് കോടതി നിര്‍ദേശിച്ചത്. മുല്ലപ്പെരിയാര്‍ അണ തുറന്നുവിട്ടത് കേരളത്തിലെ പ്രളയത്തിന്റെ ശക്തി വര്‍ധിപ്പിച്ചുവെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും തമിഴ്‌നാട് അത് നിഷേധിക്കുകയാണ്.

പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിക്കും കേന്ദ്ര ജല കമ്മിഷനും അവിടത്തെ വൃഷ്ടിപ്രദേശത്തെ മഴയുടെ സാധ്യത കുറച്ചെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ഇതു മനസ്സിലാക്കിക്കൊണ്ട് 152 അടി എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തമിഴ്‌നാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com