ധനസഹായം ലഭിച്ചത് ആയിരങ്ങള്‍ക്ക് മാത്രം; അക്കൗണ്ട് വിവരങ്ങളില്ലാതെ ലക്ഷക്കണക്കിന് പേര്‍

രേഖകള്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്
ധനസഹായം ലഭിച്ചത് ആയിരങ്ങള്‍ക്ക് മാത്രം; അക്കൗണ്ട് വിവരങ്ങളില്ലാതെ ലക്ഷക്കണക്കിന് പേര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം ലഭിക്കാന്‍ വൈകും. രേഖകള്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. സംസ്ഥാനത്ത് ഒട്ടാകെ 3,91,494 കുടുംബങ്ങള്‍ക്ക് 242.73 കോടി രൂപയാണു വിതരണം ചെയ്യാനായി ധനവകുപ്പ് കൈമാറിയത്. വെള്ളിയാഴ്ച വൈകിട്ടുവരെ അയ്യായിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് പണം വിതരണം ചെയ്യാന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 3,800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 6,200 രൂപയുമാണു നല്‍കുന്നത്. ജില്ലാ കലക്ടര്‍മാര്‍ക്കാണു വിതരണത്തിന്റെ ചുമതല. പണം അക്കൗണ്ടിലേക്ക് നേരിട്ടാണു നല്‍കുക. രേഖകള്‍  ഇല്ലാത്തതിനാല്‍ ധനസഹായം എത്തിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണു ജില്ലാ ഭരണകൂടങ്ങള്‍. 'പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അക്കൗണ്ട് നമ്പര്‍ കാണാതെ അറിയില്ല. പാസ്ബുക്കും അക്കൗണ്ട് നമ്പര്‍ എഴുതി ഇട്ടിരുന്ന പേപ്പറുകളും പ്രളയത്തില്‍ നഷ്ടപ്പെട്ടു. അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കുകളുടെ പേര് മാത്രമാണ് പലര്‍ക്കും ഓര്‍മയുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു

പേരുപയോഗിച്ച് ബാങ്കിലെ രേഖകള്‍ കണ്ടെത്തി യഥാര്‍ഥ ഗുണഭോക്താവാണോ എന്നുറപ്പാക്കാന്‍ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുകയാണ്. ഓരോ വില്ലേജിലെയും അര്‍ഹരായ ആളുകളെ കണ്ടെത്തി പണം വിതരണം ചെയ്യേണ്ട വില്ലേജ് ഓഫിസര്‍ക്ക് ക്യാംപുകളുടെയും കിറ്റു വിതരണത്തിന്റെയും മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ചുമതലയുണ്ട്. ഇതിനിടയിലാണ് രേഖകള്‍ കണ്ടെത്താന്‍ ബാങ്കിലേക്ക് പോകേണ്ടതും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉപഭോക്താക്കളെ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. ആപ്പ് നിലവില്‍ വരുന്നതോടെ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു റവന്യൂ വകുപ്പ്.

തിരുവനന്തപുരം  356, കൊല്ലം  3998, പത്തനംതിട്ട   33841, ആലപ്പുഴ  76610, കോട്ടയം  40120, ഇടുക്കി  10630, എറണാകുളം  158835, തൃശൂര്‍  52167, പാലക്കാട്  626, മലപ്പുറം  6918, കോഴിക്കോട്  468, വയനാട്  6792, കണ്ണൂര്‍  120, കാസര്‍കോട്  13 എന്നിങ്ങനെയാണ് ധനസഹായത്തിന് അര്‍ഹരായവരുടെ കണക്ക്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com