മുഖ്യമന്ത്രിയെ തള്ളി അഡീഷണല്‍ ചീഫ് സെ്ക്രട്ടറി: ദുരിതാശ്വാസം രണ്ട് ദിവസം വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് മാത്രം; ധനസഹായവിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും

10,000 രൂപയുടെ  അടിയന്തിര ധനസഹായവിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കും 
മുഖ്യമന്ത്രിയെ തള്ളി അഡീഷണല്‍ ചീഫ് സെ്ക്രട്ടറി: ദുരിതാശ്വാസം രണ്ട് ദിവസം വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് മാത്രം; ധനസഹായവിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും

കൊച്ചി: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ  അടിയന്തിര ധനസഹായവിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍. ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി കിറ്റ് തയാറാക്കുന്ന ജില്ലയിലെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ വിശ്വാസപൂര്‍വ്വം ഏല്‍പ്പിച്ച തുകയില്‍ നിന്നാണ് ധനസഹായം വിതരണം ചെയ്യുന്നത്. അതിനാല്‍ അര്‍ഹരായവര്‍ക്ക് തന്നെയാണ് തുക ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ദുരിതബാധിതരുടെ കൃത്യമായ കണക്ക് തയാറാക്കി യോഗ്യരായവരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ബാങ്കുകളിലേക്കും ട്രഷറി അക്കൗണ്ടുകളിലേക്കുമാണ് തുക കൈമാറുന്നത്.

രണ്ടു ദിവസം വീട്ടില്‍ വെള്ളം കയറി വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്കാണ് തുക നല്‍കുന്നത്. ദുരന്ത നിവാരണ നിയമപ്രകാരം അര്‍ഹരായവര്‍ക്കാണ് തുക നല്‍കുക. ദുരിതബാധിതരുടെ പട്ടിക ഡേറ്റ എന്‍ട്രി തയാറാക്കി വരികയാണ്. ഇതു വെരിഫൈ ചെയ്ത ശേഷമാണ് തഹസില്‍ദാര്‍ തുക നല്‍കുന്നത്. അതാണ് താമസമുണ്ടാകുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തുടനീളം ധനസഹായ വിതരണം പൂര്‍ത്തിയാക്കും.

വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ തുറക്കുന്നുണ്ട്. ഇതിനായി കമ്മ്യൂണിറ്റി ഹാളുകള്‍ പോലുള്ള സ്ഥലം വാടകയ്ക്ക് എടുക്കും. ചിലര്‍ ഫോസ്റ്റര്‍ ഹോമുകള്‍ വിട്ടു നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പട്ടിക കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. 

പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ആവശ്യത്തിന് മരുന്നുകള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ മരുന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എലിപ്പനി പ്രതിരോധ ത്തിന് ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. 

മലയിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും വീട് നിര്‍മ്മിക്കുന്നത് കൃത്യമായ പഠനങ്ങള്‍ക്കു ശേഷമേ പാടുള്ളൂ. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നുണ്ട്. ഇക്കാര്യത്തിലും അര്‍ഹരായവരെ കണ്ടെത്തുന്നതിന് പൊതു മാനദണ്ഡം നിശ്ചയിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുന്നത്. ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. കിറ്റ് വിതരണം പൂര്‍ത്തിയായതിനു ശേഷം  സംഭരണ കേന്ദ്രങ്ങളില്‍ അവശേഷിക്കുന്ന സാധനങ്ങള്‍  വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും.   

കിറ്റുകള്‍ തയാറാക്കുന്നതിന് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടക്കുന്നത്. എല്ലാവര്‍ക്കും തുല്യമായി സാധനങ്ങള്‍ എത്തിക്കുന്നതിന് കഠിന പ്രയത്‌നമാണ് നടക്കുന്നത്. വിവിധ വകുപ്പ് ജീവനക്കാര്‍ അവധി ദിവസങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. കിറ്റുകള്‍ തയാറാക്കുന്ന ശ്രമകരമായ ജോലി അര്‍പ്പണ ബോധത്തോടെയാണ് ജീവനക്കാര്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പാക്കിങ് കേന്ദ്രത്തിലെത്തി കിറ്റുകള്‍ തയ്യാറാക്കുന്ന  ജീവനക്കാരെ അദ്ദേഹം നേരില്‍ കണ്ട് അഭിനന്ദനമറിയിച്ചു.   ജില്ല കളകടര്‍ മുഹമ്മദ് വൈ സഫീറുള്ള, എറണാകുളം റേഞ്ച് ഐ.ജി.വിജയ് സാക്കറേ, തലശ്ശേരി സബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീല ദേവി എന്നിവരും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com