എലിപ്പനി ഇന്ന് മരിച്ചത് അഞ്ചുപേര്‍; നാലു ദിവസത്തിനിടെ 35 മരണം; അടിയന്തരയോഗം

എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു - കഴിഞ്ഞ നാലുദിവസത്തിനിടെ മരിച്ചത് 35 പേര്‍ 
എലിപ്പനി ഇന്ന് മരിച്ചത് അഞ്ചുപേര്‍; നാലു ദിവസത്തിനിടെ 35 മരണം; അടിയന്തരയോഗം

തിരുവനന്തപുരം; എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍, വടകര സ്വദേശിനി നാരായണി, തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു, കല്ലായ് അശ്വനി ഹൗസില്‍ രവി എന്നിവരാണ് ഇന്നു മരിച്ചത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. രോഗം വ്യാപകമായി പടരുന്ന കോഴിക്കോട് ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തരയോഗം തുടങ്ങി.

ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, മെഡിസിന്‍കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവികള്‍ എന്നിവരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരോടൊപ്പം കേന്ദ്രസംഘത്തിലെ ഡോക്ടര്‍മാര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. അരുണ്‍കുമാര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, കോര്‍പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്‌
 

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണു ജോസഫ് മാത്യു മരിച്ചത്. പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവരാണു രഞ്ജുവും അനില്‍ കുമാറും. ഞായറാഴ്ച സംസ്ഥാനത്ത് പത്തുപേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ മരിച്ചു.പ്രതിരോധ മരുന്നുകള്‍ കൃത്യമായി കഴിക്കാത്തതാണ് എലിപ്പനി പടരാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 68 പേരില്‍ 33 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ 54 പേര്‍ ചികില്‍സയിലുണ്ട്. ഇന്നലെ മാത്രം 32 പേരെ പ്രവേശിപ്പിച്ചു. ഇതുവരെ 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരു മാസത്തിനിടെ മരിച്ചരുടെ എണ്ണം ഏഴായി. 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 44 പേര്‍ക്കു കൂടി സംശയിക്കുന്നു. ആലപ്പുഴയില്‍ മൂന്നു പേര്‍ക്കും കോട്ടയത്തു രണ്ടുപേര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com