'കുറഞ്ഞപക്ഷം ഫോര്‍വേഡെങ്കിലും ചെയ്യാതിരിക്കുക;കേരളം കുളം തോണ്ടേണ്ടത് ചിലരുടെ ആവശ്യമാണ്‌'

ലക്ഷ്യം പ്രധാനമായും കേരളത്തില്‍ മതത്തിന്റെ പേരില്‍ ചേരിതിരിവ് സൃഷ്ടിക്കലാണെന്ന് വ്യക്തം
'കുറഞ്ഞപക്ഷം ഫോര്‍വേഡെങ്കിലും ചെയ്യാതിരിക്കുക;കേരളം കുളം തോണ്ടേണ്ടത് ചിലരുടെ ആവശ്യമാണ്‌'

കൊച്ചി: പ്രളയക്കെടുതി കേരളത്തെ തകര്‍ത്തപ്പോഴും പലകോണുകളില്‍ നിന്നും ലഭിച്ച സഹായത്തിന് കയ്യും കണക്കുമില്ല. പലയിടത്തുനിന്നും സഹായം ഇപ്പോഴും തുടരുകയാണ്. ഇതിനിടയില്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കലക്കവെളളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമം നടത്തിയിരുന്നതായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദൈവകോപമാണ് കേരളത്തിന് ഇത്തരമൊരു ദുരിതമുണ്ടാക്കാന്‍ ഇടയായതെന്നായിരുന്നു അവരുടെ വാദം.  കേരളത്തിന്റെ പുനരുദ്ധാരണത്തിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമെടുക്കുമെന്നുമൊക്കെ പലരും പലതരത്തില്‍ പറഞ്ഞു നോക്കിയെന്നും കുറിപ്പില്‍ പറയുന്നു. കേരളം കുളം തോണ്ടേണ്ടത് ചിലരുടെ ആവശ്യമാണെന്നും, എന്നാല്‍ ഇതൊന്നും കേരളജനത വിലക്കെടുത്തില്ലെന്നും അര്‍ഹിക്കുന്ന അവഞ്ജയോടെ തന്നെ തള്ളിക്കളഞ്ഞുവെന്നും ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രളയം കഴിഞ്ഞ് എല്ലാം ശാന്തമായപ്പോള്‍ ഉയര്‍ന്നുവന്ന, പക്ഷേ മുളയിലേ നുള്ളിക്കളഞ്ഞ ചില സന്ദേശങ്ങളുണ്ട്. കേരളത്തിനെതിരായ കൂട്ടായ ആക്രമണം മാത്രമല്ല, വെള്ളം മായ്ചുകളഞ്ഞ ചില സംഗതികള്‍ കുത്തിപ്പൊക്കാനും ശ്രമങ്ങള്‍ നടക്കുന്നെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

1. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലെ സ്വര്‍ണമെടുത്ത് പുനരുദ്ധാരണം നടത്തുക.

കേള്‍ക്കുമ്പൊ ഒറ്റനോട്ടത്തില്‍ കൊള്ളാമല്ലോ എന്ന് തോന്നും ല്ലേ? അതുതന്നെയാണ് അവര്‍ക്ക് വേണ്ടതും. അതു കേട്ട് കൂടുതല്‍ പേര്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍ പിന്നെ മറുവാദം ഇറക്കാം.

മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്ന നുണപ്രചാരണവും അതുവഴി ' ഹിന്ദുക്കള്‍ അപകടത്തില്‍ ' എന്ന പതിവ് പല്ലവിയും.പിന്നെ മൊത്തം ഏറ്റെടുക്കാന്‍ ആളുണ്ടാവും..

2. കേരള  തമിഴ്‌നാട് യുദ്ധമെന്ന രീതിയിലെ വിദ്വേഷപ്രചരണം

തമിഴ്‌നാട് പ്രളയദുരിതത്തിലായിരുന്ന കേരളത്തെ നല്ല രീതിയില്‍ സഹായിച്ചിരുന്നു. പ്രളയം ഒന്ന് ഒടുങ്ങിക്കഴിഞ്ഞപ്പോഴാണ് ഏതാനും ചെറുപ്പക്കാര്‍ (?) സോഷ്യല്‍ മീഡിയയിലൂടെ വംശീയ വിദ്വേഷപ്രചരണം തുടങ്ങിയത്

ആ വിദ്വേഷപ്രചരണവും കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ ഒതുങ്ങിയത് നവമാദ്ധ്യമത്തിലെ കുറെയാളുകളുടെയും പൊലീസിന്റെയും ജാഗ്രത മൂലമാണ്.

3. പദ്മനാഭസ്വാമിക്ഷേത്രവും ഇന്ത്യന്‍ കോഫി ഹൗസും

ക്ഷേത്രത്തിനടുത്ത് ബീഫ് വില്‍ക്കുന്നെന്ന് ട്വിറ്ററിലാണ് ആദ്യം പോസ്റ്റ് കണ്ടത്. പദ്മനാഭസ്വാമിക്ഷേത്രത്തിനടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ബീഫ് വില്‍ക്കാമോ എന്ന നിഷ്‌കു ചോദ്യം കേരളത്തില്‍ സഹായിക്കാന്‍ വന്ന ഡാക്കിട്ടറുടെയായിരുന്നത്രേ

അതിനും മറുപടി കൃത്യതയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ കൂടുതലൊന്നും അനക്കങ്ങളുണ്ടാക്കിയില്ല..

ഇതിനെല്ലാം പുറമെയാണ് കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളെന്ന് പറഞ്ഞു വിദ്വേഷ പ്രചരണം നടത്തിയും ദുരിതാശ്വാസസഹായമെന്ന പേരില്‍ നുണക്കഥകള്‍ പ്രചരിപ്പിച്ചും ഫോട്ടോഷൂട്ട് നടത്തിയും ഓഡിയോ ക്ലിപ്പിറക്കിയുമുള്ള സഹായങ്ങള്‍...

ലക്ഷ്യം പ്രധാനമായും കേരളത്തില്‍ മതത്തിന്റെ പേരില്‍ ചേരിതിരിവ് സൃഷ്ടിക്കലാണെന്ന് വ്യക്തം.. ഒരു വാര്‍ത്തയോ ക്ലിപ്പോ കൈവശം കിട്ടിയാല്‍ അത് കുറഞ്ഞപക്ഷം ഫോര്‍വേഡെങ്കിലും ചെയ്യാതിരിക്കുക. അല്ലെങ്കില്‍ അതിന്റെ സത്യാവസ്ഥ എങ്കിലും അന്വേഷിക്കാന്‍ ശ്രമിക്കുക...

കേരളം കുളം തോണ്ടേണ്ടത് ചിലരുടെ ആവശ്യമാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com