'ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു' ; ബീഫ് വര്‍ജനത്തെ പിന്തുണച്ച് വ്യത്യസ്തമായ ഒരു വാദം

'ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു' ; ബീഫ് വര്‍ജനത്തെ പിന്തുണച്ച്് വ്യത്യസ്തമായ ഒരു വാദം
'ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു' ; ബീഫ് വര്‍ജനത്തെ പിന്തുണച്ച് വ്യത്യസ്തമായ ഒരു വാദം

ടുത്തിടെയായി രാഷ്ട്രീയ രംഗത്തും സാസ്‌കാരിക മേഖലയിലും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് ബീഫ്. ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി വാദഗതികളാണ് മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്. ബീഫ് വര്‍ജിക്കുന്നതിനെ പിന്തുണച്ച് പുതിയൊരു വാദം മുന്നോട്ടുവയ്ക്കുകയാണ്, ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ യുവരാജ് ഗോകുല്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കഥ പറഞ്ഞ സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ എന്ന പുസ്തകത്തിലെ വിവരണമാണ് തന്നെ ബീഫ് വര്‍ജനത്തില്‍ എത്തിച്ചതെന്നു പറയുന്നു, ഗോകുല്‍ ഈ കുറിപ്പില്‍.
 

ബീഫ് കഴിക്കാത്ത ഒരുപാട് പേരെ എനിക്കറിയാം... പലര്‍ക്കും പലതാണ് കാരണങ്ങള്‍... ചിലര്‍ക്ക് തീര്‍ത്തും മതപരമാണ്... ചിലര്‍ക്ക് സംഘടനയോടുള്ള കൂറാണ്...ചിലര്‍ക്ക് ആരോഗ്യകരമായ കാരണങ്ങളാണ്... ഞാന്‍ 2005ആഗസ്റ്റ് മാസം മുതല്‍ കഴിക്കാറില്ല എന്നു ഉറപ്പിച്ചു പറയുവാന്‍ കഴിയും... ഞാന്‍ ബീഫു ഉപേക്ഷിക്കുവാന്‍ കാരണം ഒരു പുസ്തകമാണ്. അടിമുടി സംഘത്തിനെ വിമര്‍ശിച്ചിട്ടുള്ള ഒരു പുസ്തകമാണ് അത് എന്നത് വിരോധാഭാസമായി തോന്നാം. പുസ്തകത്തിന്റെ പേര് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നതാണ്. ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്ന് കമ്മാരന്‍മാരെ ക്രിയേറ്റ് ചെയ്ത (കമ്മാരസംഭവം കണ്ടവര്‍ക്ക് മാത്രം കലങ്ങും) അതുല്യ പുസ്തകം. അതുല്യം എന്നേ വിളിക്കാന്‍ കഴിയൂ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അരച്ചു കലക്കി പഠിച്ച ശേഷം എഴുതുകയും സായിപ്പ് ഇഷ്ടക്കാരായ കമ്മാരന്‍മാരെ ഹീറോകളാക്കി പ്രതിഷ്ഠിക്കുകയും തലവേദന സൃഷ്ടിച്ചവരെ വില്ലന്‍മാരാക്കുകയും ചെയ്ത ഗ്രന്ഥം. പക്ഷേ അവര്‍ നടത്തിയ റിസര്‍ച്ചിനെ അഭിനന്ദിച്ചേ മതിയാകൂ, അതാണ് അതുല്യം എന്നു വിശേഷിപ്പിച്ചത്. ഇനി അതുവായിച്ച് ബീഫ് നിര്‍ത്തിയ സംഭവത്തിലേക്ക് വരാം. ഭാരത വിഭജനം വന്യമായ രോദനങ്ങളുടേതാണ്. മനുഷ്യരുടേത് മാത്രമല്ല മൃഗങ്ങളുടേതും. മൃഗങ്ങള്‍ എന്നു പറഞ്ഞാല്‍ അത് അനീതിയാകും. പശുക്കളുടെയും കാളകളുടെയും എന്നു തെളിച്ച് പറയണം. കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണത്തിനു കണക്കുണ്ടാകില്ല. ലാഹോറില്‍ നിന്നു ഡല്‍ഹിയിലേക്ക് ട്രെയിന്‍ നിറയെ ശവങ്ങളാണ് ദിനംപ്രതി പാകിസ്ഥാന്‍ കയറ്റി അയച്ചിരുന്നത്. തലപ്പാവുള്ളത് തലപ്പാവില്ലാത്തത് എന്ന ഒറ്റ വ്യത്യാസം മാത്രമേ ശവങ്ങള്‍ക്കുണ്ടാകൂ. തലപ്പാവുള്ളത് സിഖു വംശജര്‍ അല്ലാത്തത് ഹിന്ദുക്കള്‍. ബലാത്സംഘം ചെയ്യപ്പെട്ട സ്ത്രീകള്‍ എത്ര... മക്കളുടെ മുന്നില്‍ വെച്ച് ഉടുതുണി വലിച്ചുകീറപ്പെട്ട അമ്മമാരെത്ര. കണക്കുണ്ടാകില്ല. ന്യൂട്ടന്റെ തീര്‍ഡ് ലോ പ്രകൃതി നിയമം ആണേല്‍ പോലും പകുതിക്ക് പകുതി പോലും ആരും തിരിച്ചു ചെയ്തിട്ടില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. കയ്യില്‍ കിട്ടിയതും ജീവനും വാരിപ്പിടിച്ച് രണ്ടു ഭാഗത്തേക്കും ഓടിയ ജനങ്ങള്‍. പിടിയിലകപ്പെട്ടാല്‍ ട്രെയിനുകളുടെ ബോഗികള്‍ക്കുള്ളിലും വീടുകള്‍ക്കകത്തും എരിഞ്ഞമര്‍ന്ന ജീവനുകള്‍. ട്രെയിനുകള്‍ക്കുള്ളില്‍ നിന്നും അമ്മമാരെ മാത്രം വലിച്ചു കൊണ്ടു പോകുന്നതു നിലവിളികളോടെ കണ്ടു നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍. ഇവര്‍ക്കെല്ലാമൊപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശുക്കള്‍. നടുക്കു തീ കൂട്ടിയ ശേഷം കാളയുടെ വൃഷ്ണം ഛേദിക്കും. പ്രാണവേദനയോടെ അലറിവിളിച്ചോടുന്ന ആ ജീവിയെ ഇഞ്ചിഞ്ചായി തല്ലിക്കൊല്ലും. പശുക്കളെ ജീവനോടെ തൊലിയുരിച്ചു നിര്‍ത്തും. മുറിവിലേക്ക് എരിവ് പുരട്ടും. അതിന്റെയൊക്കെ നിലവിളി കേള്‍ക്കാന്‍ ഹിന്ദുക്കളെ കൊണ്ടുവന്നു കെട്ടിയിട്ടിട്ടുണ്ടാകും. ഒന്നുകില്‍ മതം മാറുക അല്ലേല്‍ ഈ പശുവിന്റെയോ കാളയുടെയോ ഒക്കെ വിധി സ്വയം സ്വീകരിക്കുക.. അതാണ് കണ്ടീഷന്‍. ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ മുഴുവന്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു. അതുകൊണ്ടു തന്നെ ഞാന്‍ അതിനെ ഉപദ്രവിക്കില്ല. അതെന്റെ തീരുമാനമാണ്. മീറ്റ് പഫ്‌സ് പോലും ഉപേക്ഷിച്ചത് അതിന്റെ പേരിലാണ്. ചാണകം എന്നോ മൂത്രം എന്നോ എന്ത് വിളിച്ച് ആരു കളിയാക്കിയാലും മലരാണ്. താരതമ്യേന ഒട്ടും യാതനകള്‍ അനുഭവിക്കേണ്ടി വരാതിരുന്ന ദക്ഷിണേന്ത്യയില്‍, പൊതുവേ കേരളത്തില്‍ ഉത്തരേന്ത്യക്കാരോടും അവരുടെ ബീഫ് വിരോധത്തോടും വലിയ പുച്ഛമാണ്. സ്വന്തം മക്കള്‍ക്ക് മാതൃഭാഷ എഴുതാനറിയില്ല എന്നത് വലിയ അഭിമാനയായി അവതരിപ്പിക്കുന്ന മാതാപിതാക്കളുള്ള നാട്ടില്‍ സ്വത്വ ബോധം എന്നത് അപരാധമാകുന്നത് അത്ഭുതമൊന്നുമല്ല. നമ്മുടെ പുച്ഛ ഭാവം നമുക്ക് വലുത് എന്നതു പോലെ അവരുടെ വിശ്വാസങ്ങള്‍ അവര്‍ക്കു വലുതാണ്. ശരിക്കും പറഞ്ഞാല്‍ നമ്മുടെ ഈ പുച്ഛം വലിയൊരു ഇരട്ടത്താപ്പാണ്. കേരളത്തിലെ ഒരു മുസ്ലീമിനെ പോലും പോര്‍ക്ക് കഴിക്കാന്‍ ക്ഷണിക്കാന്‍ ധൈര്യമില്ലാത്ത മതേതര സമൂഹമാണ് പശുവിനെ പൊതു ഇടത്തില്‍ ലൈവായിട്ട് കൊന്ന് കറിവെച്ച് തിന്ന് മതേതരത്വം സംരക്ഷിക്കാന്‍ ബഹളം കൂട്ടുന്നത്.

മുന്നോട്ടു മാത്രം പോയാല്‍ മതി എന്തിനു ഭൂതകാലത്തിന്റെഅസ്ഥികൂടങ്ങളെ ചുമലിലേറ്റുന്നു എന്നൊരു ചോദ്യമുണ്ടാകാം. ഭൂതകാലം ഒരു റിയര്‍വ്യൂ മിറര്‍ കൂടെയാണ്. Objects in the mirror are closer than they appear എന്നു എനിക്കതില്‍ വായിക്കാം.... എന്റെ തലമുറകള്‍ക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഭൂതകാലത്തിലെ വണ്ടികള്‍ വന്നെന്നെ ഇടിയ്ക്കുന്നില്ല എന്നുറപ്പുകൂടി വരുത്താനാണ് ഈ റിയര്‍ മിറര്‍. അതു മറന്നു പോകിതിരിക്കാനുള്ള വൃതമാണ് ഇതു പോലെ പല വര്‍ജ്യങ്ങളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com