പരാതിയെക്കുറിച്ച് അറിയില്ല, അന്വേഷണം ഉണ്ടെങ്കില്‍ നേരിടുമെന്ന് ശശി; ഇല്ലാത്ത പരാതിയെക്കുറിച്ച് എങ്ങനെ അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

പികെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു. ഇല്ലാത്ത പരാതിയെക്കുറിച്ച് എങ്ങനെയാണ് അന്വേഷിക്കുകയെന്ന് രാജേന്ദ്രന്‍
പരാതിയെക്കുറിച്ച് അറിയില്ല, അന്വേഷണം ഉണ്ടെങ്കില്‍ നേരിടുമെന്ന് ശശി; ഇല്ലാത്ത പരാതിയെക്കുറിച്ച് എങ്ങനെ അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: തനിക്കെതിരായ ലൈംഗിക പീഡന പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഷൊര്‍ണൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ പികെ ശശി. തനിക്കെതിരെ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നെന്നും ശശി പറഞ്ഞു.

ഇങ്ങനെയൊരു പരാതി ഉള്ളതായി തനിക്കറിയില്ല. പരാതി ഉണ്ടെന്നും പാര്‍ട്ടി അന്വേഷണം നടക്കുന്നെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അന്വേഷണത്തെക്കുറിച്ച് പാര്‍ട്ടി തന്നോട് ഒന്നും പറഞ്ഞിട്ടില്ല. അഥവാ അന്വേഷണം ഉണ്ടെങ്കില്‍ ഉത്തമമായ കമ്യൂണിസ്റ്റ് ബോധ്യങ്ങളോടെ അതിനെ നേരിടുമെന്നും ശശി പറഞ്ഞു. 

പികെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു. ഇല്ലാത്ത പരാതിയെക്കുറിച്ച് എങ്ങനെയാണ് അന്വേഷിക്കുകയെന്ന് രാജേന്ദ്രന്‍ ചോദിച്ചു.

ഇങ്ങനെയൊരു പരാതി ഉള്ളതായി അറിയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ പ്രതികരിച്ചു. പരാതിയെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സ്വരാജ് പറഞ്ഞു.

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ലൈംഗീക പീഡന പരാതി അന്വേഷിക്കാന്‍ സിപിഎം പ്രത്യേക സമിതി രൂപീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡിവൈഎഫ്‌ഐയിലെ വനിതാ നേതാവ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയെന്നാണ് വാര്‍ത്തകള്‍. 

രണ്ടാഴ്ച മുന്‍പ് ബൃന്ദാ കാരാട്ടിന് വനിതാ നേതാവ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി ഇടപെടലും അന്വേഷണവും വരുന്നത്. പ്രത്യേക സമിതിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റിലെ രണ്ട് അംഗങ്ങളും ഒരു വനിതാ അംഗവുമാണ് ഉണ്ടാവുകയെന്നും ഡല്‍ഹിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com