പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി: സ്ഥിരീകരിച്ച് യെച്ചൂരി, നടപടിക്ക് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം

ഡിവൈഎഫ്‌ഐയില്‍ ഉന്നത പദവി വാഗ്ദാനം ചെയ്താണ് ശശി തന്നെ ലൈംഗികമായി സമീപിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി: സ്ഥിരീകരിച്ച് യെച്ചൂരി, നടപടിക്ക് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം


ന്യൂഡല്‍ഹി: പികെ ശശി എംഎല്‍എയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കിയിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. തുടര്‍നടപടിക്കായി സംസ്ഥാന ഘടകത്തിനു കൈമാറിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇ-മെയിലിലൂടെയാണ് വനിതാ നേതാവ് പികെ ശശിക്കെതിരെ പരാതി നല്‍കിയത്. ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നാണ് പരാതിയിലെ മുഖ്യ ആക്ഷേപം. ഡിവൈഎഫ്‌ഐയില്‍ ഉന്നത പദവി വാഗ്ദാനം ചെയ്താണ് ശശി തന്നെ ലൈംഗികമായി സമീപിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം തനിക്കെതിരായ ലൈംഗിക പീഡന പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പികെ ശശി ആരോപിച്ചു. തനിക്കെതിരെ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നെന്നും ശശി പറഞ്ഞു.

ഇങ്ങനെയൊരു പരാതി ഉള്ളതായി തനിക്കറിയില്ല. പരാതി ഉണ്ടെന്നും പാര്‍ട്ടി അന്വേഷണം നടക്കുന്നെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അന്വേഷണത്തെക്കുറിച്ച് പാര്‍ട്ടി തന്നോട് ഒന്നും പറഞ്ഞിട്ടില്ല. അഥവാ അന്വേഷണം ഉണ്ടെങ്കില്‍ ഉത്തമമായ കമ്യൂണിസ്റ്റ് ബോധ്യങ്ങളോടെ അതിനെ നേരിടുമെന്നും ശശി പറഞ്ഞു. 

പികെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു. ഇല്ലാത്ത പരാതിയെക്കുറിച്ച് എങ്ങനെയാണ് അന്വേഷിക്കുകയെന്ന് രാജേന്ദ്രന്‍ ചോദിച്ചു.

ശശിക്കെതിരെ ഡിവൈഎഫ് നേതാവ് പരാതി നല്‍കിയതായി അറിയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ പ്രതികരിച്ചു. പരാതിയെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സ്വരാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com