കല്യാണം ഇങ്ങ് എത്തി, വീട്ടിലെ വെള്ളം ഇറങ്ങിയിട്ടില്ല, മകള്‍ക്കായി ഈ അച്ഛന്‍ നാട് നീന്തുകയാണ്

ഈ വരുന്ന പതിനഞ്ചിനാണ് തങ്കപ്പന്റെ മകളുടെ വിവാഹം.
കല്യാണം ഇങ്ങ് എത്തി, വീട്ടിലെ വെള്ളം ഇറങ്ങിയിട്ടില്ല, മകള്‍ക്കായി ഈ അച്ഛന്‍ നാട് നീന്തുകയാണ്

കുട്ടനാട്‌; വെള്ളക്കെട്ടിന്റെ പേരില്‍ മൂന്ന് പ്രാവശ്യം മാറ്റിവെച്ച കല്യാണമാണ്, ഇനിയും മാറ്റിവെക്കാന്‍ പറ്റില്ല. നാടു നീന്തി മകളുടെ കല്യാണം വിളിച്ചുകൊണ്ട് കൈനകിരി സ്വദേശി തങ്കപ്പന്‍ പറഞ്ഞു. വെള്ളം മുങ്ങി ദുരിതം അനുഭവിക്കുന്ന കുട്ടനാടിന്റെ അവസ്ഥ കാണിക്കാന്‍ ഈ അച്ഛന്റെ ചിത്രം മാത്രം മതി. മകളുടെ കല്യാണം നടത്താനുള്ള കഷ്ടപ്പാടിലാണ് തങ്കപ്പന്‍. 

വീട് ഇപ്പോഴും വെള്ളത്തിലായതിനാല്‍ കുടുംബം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അവിടെ നിന്ന് നാട്ടിലേക്ക് വന്നാണ് കല്യാണം വിളി നടത്തുന്നത്. മുട്ടൊപ്പം വെള്ളത്തിലാണ് തങ്കപ്പന്റെ യാത്ര. ഈ വരുന്ന പതിനഞ്ചിനാണ് തങ്കപ്പന്റെ മകളുടെ വിവാഹം. ഇനിയും ഒരുപാടുപേരെ വിളിക്കാനുണ്ട്. പക്ഷേ വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങാത്തതിനാല്‍ കൂടുതല്‍ പേരും തിരികെ എത്തിയിട്ടില്ല. അടഞ്ഞുകിടക്കുന്ന വീടുകളുടെ വാതില്‍പ്പടിയില്‍ ക്ഷണക്കത്ത് വെച്ചുകൊണ്ട് മടങ്ങും. 

വീട്ടില്‍ വെച്ച് കല്യാണം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വീട്ടില്‍ നിന്ന് വെള്ളമിറങ്ങാത്തതിനാല്‍ പതിനഞ്ചുകിലോമീറ്റര്‍ അകലെയുള്ള ഓഡിറ്റോറിയത്തിലേക്ക് വിവാഹം മാറ്റിയിരിക്കുകയാണ്. ക്ഷണക്കത്തില്‍ പേനകൊണ്ട് തിരുത്തുകൊടുത്തിരിക്കുകയാണ്. വെള്ളം നിറഞ്ഞു നില്‍ക്കുന്ന വീട്ടിലേക്ക് ഉടനെ ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന തോന്നലിലാണ് ഇനി തീയതി മാറ്റണ്ടെന്ന് തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com