'ദുരന്തഭൂമിയിലെ ശവംതീനി കഴുകനാണ് അയാള്‍'; മാധവ് ഗാഡ്ഗിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോയ്‌സ് ജോര്‍ജ് എംപി

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കാത്തതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്ന മാധവ് ഗാഡ്ഗിലിന്റെ ആരോപണമാണ് എംപിയെ ചൊടിപ്പിച്ചത്
'ദുരന്തഭൂമിയിലെ ശവംതീനി കഴുകനാണ് അയാള്‍'; മാധവ് ഗാഡ്ഗിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോയ്‌സ് ജോര്‍ജ് എംപി

കൊച്ചി; പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗിലിനെ രൂക്ഷമായി വിമര്‍ശിച്ച് ജോയ്‌സ് ജോര്‍ജ് എംപി. ദുരന്തഭൂമിയിലെ ശവംതീനി കഴുകനെപ്പോലെയാണ് മാധവ് ഗാഡ്ഗില്‍ പെരുമാറിയത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തിയതെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു. പ്രളയദുന്തമല്ല പ്രകൃതി ദുരന്തമാണ് ഇടുക്കിയിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കാത്തതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്ന മാധവ് ഗാഡ്ഗിലിന്റെ ആരോപണമാണ് എംപിയെ ചൊടിപ്പിച്ചത്. 

'കേരളത്തില്‍ നൂറുകണക്കിന് ആളുകള്‍ പ്രളയദുരന്തത്തില്‍പ്പെട്ട് മരിച്ചുവീണ ദിവസം ശവംതീനി കുഴുകനെപ്പോലെയാണ് മാധവ് ഗാഡ്ഗില്‍ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്നിറങ്ങിയത്. മരവിച്ച മനസാക്ഷിയുമായി പ്രകൃതി ദുരന്തത്തെ മറയാക്കി കാത്തിരുന്ന ദിവസം വന്നുചേര്‍ന്ന പോലെ നടത്തിയ പ്രസ്താവനകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ശത്രുക്കള്‍ പോലും മരണവീട്ടില്‍ നിശബ്ദത പാലിക്കും എന്നിരിക്കെ, കേരളത്തില്‍ മുന്നോറോളം പേര്‍ മരിച്ചത് തന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന മണ്ടത്തരം കേരളം  മുഴുവന്‍ നടന്ന് പ്രചരിപ്പിക്കുകയായിരുന്നു ഗാഡ്ഗിലും ചില കപട പരിസ്ഥിതി വാദികളും.' ജോയ്‌സ് ജോര്‍ജ് പറഞ്ഞു. 

കോണ്‍ഗ്രസിനേയും രൂക്ഷമായ രീതിയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. ഒരു വശത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗാഡ്ഗിലിനേയും കൊണ്ട് കേരളം മുഴുവന്‍ ചുറ്റിക്കറങ്ങി സെമിനാറുകള്‍ നടത്തുന്നു. മറുവശത്ത് ചില കോണ്‍ഗ്രസ് നേതാക്കള്‍ പാറമട ഉടമകളേയും കൊണ്ട് ഗ്രീന്‍ ട്രൈബ്യൂണലുകള്‍ കയറി ഇറങ്ങുന്നു. ജോയ്‌സ് ജോര്‍ജ് കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com