എല്ലാം വെള്ളം കൊണ്ടുപോയി, കാത്തിരുന്നു കിട്ടിയ 10,000 രൂപ ബാങ്കും വിഴുങ്ങി; സഹായം തട്ടിയെടുത്ത് കാനറ ബാങ്കിന്റെ ക്രൂരത

വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സര്‍ക്കാര്‍ നല്‍കിയ 10,000 രൂപയാണ് ബാങ്ക് വായ്പ കുടിശ്ശിക ഇനത്തില്‍ തട്ടിയെടുത്തത്
എല്ലാം വെള്ളം കൊണ്ടുപോയി, കാത്തിരുന്നു കിട്ടിയ 10,000 രൂപ ബാങ്കും വിഴുങ്ങി; സഹായം തട്ടിയെടുത്ത് കാനറ ബാങ്കിന്റെ ക്രൂരത

റാന്നി: പ്രളയത്തില്‍ മുങ്ങിയ വീട്ടില്‍ ചെളിയും മണ്ണും നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴും സോമനും കുടുംബവും വീട്ടില്‍ താമസം തുടങ്ങിയിട്ടില്ല. കുത്തിയൊലിച്ചുവന്ന മലവെള്ളത്തില്‍ വീട്ടിലെ സാധനങ്ങള്‍ മുഴുവനും നഷ്ടമായി. ആകെയൊരു പ്രതീക്ഷ സര്‍ക്കാരിന്റെ അടിയന്തിര സഹായമായ 10,000 രൂപയിലായിരുന്നു. എന്നാല്‍ ബാങ്ക് നല്ല പണികൊടുത്തതോടെ കിട്ടയകാശ് സോമന്റെ കൈതൊടാതങ്ങ് പോയി. വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സര്‍ക്കാര്‍ നല്‍കിയ 10,000 രൂപയാണ് ബാങ്ക് വായ്പ കുടിശ്ശിക ഇനത്തില്‍ തട്ടിയെടുത്തത്. 

പെരുമ്പുഴ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ മുണ്ടപ്പുഴ പുത്തേട്ട് വി.കെ. സോമന്റെ ആനുകൂല്യമാണ് കാനറ ബാങ്ക് പിടിച്ചുവാങ്ങിയത്. റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഐഎവൈ പദ്ധതിയില്‍ ഭവനനിര്‍മാണത്തിന് സോമന് മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി പൂര്‍ത്തിയാക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ ബാങ്കില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയുമെടുത്തു. ഇതില്‍ കുറേ പണം തിരിച്ചടച്ചുവെന്നാണ് സോമന്‍ പറയുന്നത്. മാത്രമല്ല കുടിശ്ശിക അടയ്ക്കണമെന്ന് ബാങ്കില്‍ നിന്ന് നിര്‍ദേശിക്കുമ്പോള്‍ പണം അടയ്ക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. 

പ്രളയത്തില്‍ റാന്നി മുങ്ങിയപ്പോള്‍ മൂന്ന് ദിവസം സോമന്റെ വീട് വെള്ളത്തിലായി. തുടര്‍ന്ന് സമീപത്തെ വീട്ടിലാണ് സോമനും കുടുംബവും അഭയം നേടിയത്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ ഇരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നത്. 31 ന് സോമന്റെ അക്കൗണ്ടിലേക്ക് പണം എത്തി. ഇന്നലെ ബാങ്കില്‍ ചെന്ന് വിവരം അന്വേഷിച്ചപ്പോള്‍ പണം എത്തിയിട്ടുണ്ടെന്നും മാനേജരെ കാണാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മാനേജരെ സമീപിച്ചപ്പോള്‍ പണം തരാന്‍ ആകില്ലെന്നും വായ്പ കുടിശ്ശിക ഇനത്തില്‍ പണം പിടിച്ചെന്നും അറിയിച്ചു. വായ്പ കുടിശ്ശികയ്ക്ക് ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സോമന്‍ പറഞ്ഞുനോക്കിയെങ്കിലും പണം നല്‍കാന്‍ ബാങ്ക് തയാറായില്ല. സിഐടിയു യൂണിയന്‍ അംഗമായ സോമന്‍ നേതാക്കള്‍ വഴി തനിക്ക് അവകാശപ്പെട്ട പണം വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com