'ഞാനും മത്സ്യത്തൊഴിലാളിയാണ്, ഒപ്പം കൂടിക്കോട്ടേ..??', അരക്കള്ളം പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നുഴഞ്ഞുകയറിയ അധ്യാപകന്‍;  റെഡ് സല്യൂട്ട് ശിവ

'അന്യന്റെ ദുഖങ്ങള്‍ക്ക് മാത്രം ചെവിയോര്‍ത്ത് പാഞ്ഞു നടന്ന ആ ദിനത്തില്‍ ആഹാരമായി ലഭിച്ചത് എവിടെനിന്നോ അറുത്തെടുത്ത ഒരു കരിക്കും എപ്പോഴോ കിട്ടിയ രണ്ട് കഷണം ബ്രഡും മാത്രം'
'ഞാനും മത്സ്യത്തൊഴിലാളിയാണ്, ഒപ്പം കൂടിക്കോട്ടേ..??', അരക്കള്ളം പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നുഴഞ്ഞുകയറിയ അധ്യാപകന്‍;  റെഡ് സല്യൂട്ട് ശിവ

ങ്ങളുടെ ജീവിതത്തില്‍ അക്ഷരവും അനുഭവവും നിറച്ച അധ്യാപകരെക്കുറിച്ചുള്ള ഓര്‍മകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ശിവ സി. എച്ച് മംഗലത്ത് എന്ന അധ്യാപകന്‍ തികച്ചു വ്യത്യസ്തനാണ്. ക്ലാസ് റൂമിന്റെ ഉള്ളില്‍ പഠിപ്പിച്ച പാഠങ്ങളുടെ പേരിലല്ല ഈ അധ്യാപകന്‍ ചര്‍ച്ചയാവുന്നത്. പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യത്തിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി പേരെ ജീവിത്തിലേക്ക് കൈപിടിച്ചു കയറ്റിയതിന്റെ പേരിലാണ്. 

കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ശിവ മത്സ്യത്തൊഴിലാളിയെന്ന് കള്ളംപറഞ്ഞുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. എവിടെ നിന്നോ അടര്‍ത്തിയെടുത്ത കരിക്കും രണ്ട് കഷ്ണം ബ്രഡുമായിരുന്നു ആദ്യ ദിവസത്തെ ഭക്ഷണം. അങ്ങനെ മൂന്ന് ദിനങ്ങളാണ് രക്ഷാസൈനികനായി ഈ അധ്യാപകന്‍ പ്രവര്‍ത്തിച്ചത്. സുഹൃത്തായ ജയകൃഷ്ണന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ശിവയുടെ രക്ഷാപ്രവര്‍ത്തനം പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഈ പോസ്റ്റ്. 

ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഈ അദ്ധ്യാപക ദിനത്തിലല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ശിവയെക്കുറിച്ച് പറയുക..?? ശിവ.. പേര് ചുരുക്കിയാലും നീട്ടിയാലും ശിവ എന്ന് മാത്രമേയുള്ളൂ..

നൂറ്റാണ്ടിന്റെ പ്രളയം ചെങ്ങന്നൂരിനെ വിഴുങ്ങിത്തുടങ്ങിയ ദിനത്തില്‍ ശിവ സ്വന്തം നാടായ കരുനാഗപ്പള്ളിയില്‍ നിന്നും ആരോടും പറയാതെ ബൈക്കുമെടുത്ത് യാത്രയായി.. ചെങ്ങന്നൂരിലെത്തി, ഡയറ്റിന്റെ മുറ്റത്ത് ബൈക്ക് വച്ചു. പ്രളയ ജലത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ചെങ്ങന്നൂര്‍ ടൗണ്‍ രക്ഷാപ്രവര്‍ത്തന കേന്ദ്രമാണ്. തീരദേശത്തു നിന്നും സര്‍ക്കാര്‍ എത്തിക്കുന്ന ബോട്ടുകള്‍ അപ്പോള്‍ വന്നുതുടങ്ങുകയാണ്.. കൊല്ലം വാടി കടപ്പുറത്തുനിന്നും വന്ന ഒരു ബോട്ടില്‍ മൂന്ന് മത്സ്യത്തൊഴിലാളികളുണ്ട്. അവരോട് ശിവ ഒരു അരക്കള്ളം പറഞ്ഞു: 'ഞാനും മത്സ്യത്തൊഴിലാളിയാണ്. ഒപ്പം കൂടിക്കോട്ടേ..??'

അവര്‍ സമ്മതിച്ചു. വള്ളവുമായി നേരെ പോയത് പ്രളയജലത്തിന്റെ സംഹാരകേന്ദ്രമായ പാണ്ടനാട്ടേക്ക്... നാട്ടിടങ്ങളിലൂടെ ഭ്രാന്തമായി പായുന്ന പമ്പ.. മുകളില്‍ നിന്നും കലി തീരാതെ പെയ്യുന്ന പേമാരി.. തുളച്ചുകയറുന്ന തണുപ്പ് അവര്‍ മറന്നേ പോയി.. കുത്തൊഴുക്കുള്ള തോടുകളായി മാറിയ ഇടവഴികളില്‍ പോലും ചെറിയ വള്ളത്തിന്റെ സൗകര്യവും ചങ്കുറപ്പും കൊണ്ട് അവര്‍ കടന്നുചെന്നു. മനുഷ്യശബ്ദം കേട്ടിടത്തേക്കെല്ലാം പാഞ്ഞെത്തി. കൈയില്‍ കിട്ടിയവരെയെല്ലാം വലിച്ചുകയറ്റി കരയിലെത്തിച്ചു..

ഒറ്റപ്പെട്ട ഒരു ഓടിട്ട വീട്ടില്‍ കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങി നില്‍ക്കുകയാണ് വൃദ്ധ ദമ്പതികള്‍.. വള്ളത്തിലേക്ക് വലിച്ചു കയറ്റിയപ്പോള്‍ തന്നെ അവര്‍ അറിയാതെ മലമൂത്രവിസര്‍ജ്ജനം നടത്തിപ്പോയി.. അല്പം വൈകിയിരുന്നെങ്കില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ അവര്‍ അവസാനിക്കുമായിരുന്നു..!!

അന്യന്റെ ദുഖങ്ങള്‍ക്ക് മാത്രം ചെവിയോര്‍ത്ത് പാഞ്ഞു നടന്ന ആ ദിനത്തില്‍ ആഹാരമായി ലഭിച്ചത് എവിടെനിന്നോ അറുത്തെടുത്ത ഒരു കരിക്കും എപ്പോഴോ കിട്ടിയ രണ്ട് കഷണം ബ്രഡും മാത്രം.. ഒന്നാം ദിവസം രാത്രിയില്‍ തെരച്ചില്‍ അവസാനിപ്പിച്ച് ചെങ്ങന്നൂര്‍ ടൗണിലെത്തി. കൈയിലുണ്ടായിരുന്ന അല്പം പൈസ കൊണ്ട് ഓരോ തോര്‍ത്ത് വാങ്ങി. പ്രഭാതം മുതല്‍ തോരാതെ കുതിര്‍ന്ന് ശരീരത്തോടൊട്ടിയ വസ്ത്രങ്ങള്‍ സമീപത്തെ ട്രഷറി ഓഫീസിനുള്ളില്‍ ചെന്ന് അഴിച്ചുമാറ്റി. തോര്‍ത്തുടുത്തു. മുദ്രപ്പത്രം പൊതിയുന്ന കുറച്ചു പേപ്പര്‍ കിട്ടി. അത് നിലത്തുവിരിച്ച് കിടന്നു. ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുപ്പിച്ചു...

പുലര്‍ച്ചെ വീണ്ടും രക്ഷാ 'സൈനിക'നായി പെരുവെള്ളത്തിലേക്ക്.. അങ്ങനെ വിശ്രമമില്ലാത്ത മൂന്ന് ദിനങ്ങള്‍..

ഒന്നാം നില മുങ്ങിയ ഒരു വീട്ടിലേക്ക് തുഴഞ്ഞുചെന്നപ്പോള്‍, രക്ഷപ്പെടുത്തിയാല്‍ 'പേയ്‌മെന്റ്' തരാമെന്ന് പറഞ്ഞ ആഢ്യകുടുംബത്തിലെ വൃദ്ധനെ നോക്കി ശിവ വെറുതേ ചിരിച്ചു.. പണം കൊണ്ട് പകരം വയ്ക്കാനാകാത്ത പലതും ഭൂമിയിലുണ്ടെന്ന് ഇവര്‍ ഇനിയെന്നാണ് മനസ്സിലാക്കുക..??

അല്ലെങ്കില്‍ പിന്നെ, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകനായ ശിവ മത്സ്യത്തൊഴിലാളിയാണെന്ന അരക്കള്ളം പറഞ്ഞ് പ്രളയത്തില്‍ പെട്ടവര്‍ക്കൊപ്പം ചേരാനെത്തിയത് എന്തിനുവേണ്ടിയാണെന്ന് ആ വൃദ്ധന് ഈ ജന്മത്തില്‍ മനസ്സിലാകുമോ..!! കേരളത്തിന്റെ 'രക്ഷാസൈനികര്‍'ക്കൊപ്പം ചേരാന്‍ വേണ്ടി ശിവ പറഞ്ഞത് വെറും നുണയായിരുന്നില്ല..

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ 'ചാട്ടക്കുട്ടി'യായി വള്ളത്തില്‍ പോയിത്തുടങ്ങിയതാണ്. കോളജില്‍ പഠിക്കുമ്പോഴും പാരലല്‍ കോളജില്‍ പഠിപ്പിക്കുമ്പോഴും, എസ്.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറി ആയും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ആയും പ്രവര്‍ത്തിക്കുമ്പോഴും,
കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ലഭിക്കുന്നത് വരേയും, ശിവ മത്സ്യത്തൊഴിലാളി തന്നെയായിരുന്നു..

സഹജീവികള്‍ ദുരിതത്തില്‍ അകപ്പെടുമ്പോള്‍ സേഫ് സോണിലിരുന്ന് സഹതപിക്കാതെ, ദുരന്ത മുഖത്തേക്ക് നടന്നിറങ്ങാനുള്ള കമ്യൂണിസ്റ്റ് സ്ഥൈര്യം അവിടെ നിന്നാണ് ആര്‍ജ്ജിച്ചത്..

വിപ്ലവാനന്തര ക്യൂബയിലെ മന്ത്രിപദവി വലിച്ചെറിഞ്ഞ് ബൊളീവിയന്‍ കാടുകളിലേക്കിറങ്ങി മനുഷ്യമോചനത്തിന്റെ പ്രത്യയശാസ്ത്രത്തിനൊപ്പം ചേര്‍ന്ന ഏണസ്‌റ്റോ ചെഗുവേരയുടെ സ്മരണകളാല്‍ നയിക്കപ്പെടുന്ന കമ്യൂണിസ്റ്റിന് അങ്ങനെയല്ലേ ചിന്തിക്കാന്‍ കഴിയൂ...

ഈ അദ്ധ്യാപക ദിനത്തില്‍, പ്രിയസുഹൃത്ത് ശിവയ്ക്കാണ് എന്റെ സല്യൂട്ട്.. ലാല്‍സലാം, സഖാവ് ശിവ..!!!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com