പാര്‍ട്ടി ഓഫിസില്‍ വച്ച് കടന്നുപിടിച്ചപ്പോള്‍ ഇറങ്ങിയോടി, പിന്നാലെ ഫോണില്‍ പ്രലോഭനം, ഭീഷണി; പി കെ ശശിക്കെതിരായ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം കേന്ദ്രനേതൃത്വത്തിന് നല്‍കിയ പീഡന പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്.
പാര്‍ട്ടി ഓഫിസില്‍ വച്ച് കടന്നുപിടിച്ചപ്പോള്‍ ഇറങ്ങിയോടി, പിന്നാലെ ഫോണില്‍ പ്രലോഭനം, ഭീഷണി; പി കെ ശശിക്കെതിരായ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം കേന്ദ്രനേതൃത്വത്തിന് നല്‍കിയ പീഡന പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസിലേയ്ക്ക് വിളിപ്പിച്ച പി കെ ശശി തന്നെ കടന്നുപിടിച്ചതായി വനിതാ നേതാവിന്റെ പരാതിയില്‍ പറയുന്നു. ശശി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നതായി റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പി കെ ശശിക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുടെ അറിയിച്ചതിന് പിന്നാലെയാണ് പരാതിയുടെ ഗൗരവം വ്യക്തമാക്കുന്ന ഉളളടക്കം പുറത്തുവന്നത്. പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ശശി തന്നെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു.സമ്മേളനത്തിന് വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. മൂന്നുനാലുതവണ ഈ വിഷയം സംസാരിക്കാന്‍ താന്‍ പാര്‍ട്ടി ഓഫീസില്‍ പോകുകയും ചെയ്തു. വോളന്റിയര്‍മാര്‍ക്ക് വസ്ത്രം വാങ്ങുന്നതിന് തന്റെ കൈയില്‍ പണം നല്‍കാന്‍ ശശി ശ്രമിച്ചുവെങ്കിലും താന്‍ പണം വാങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് നിര്‍ബന്ധിച്ച് പണം വാങ്ങിപ്പിക്കാന്‍ നേതാവ് ശ്രമിച്ചതായും വനിതാ നേതാവ് പരാതിയില്‍ പറയുന്നു.

തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയ തന്നെ ശശി കടന്നുപിടിച്ചതായും പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ ഇറങ്ങിയോടിയെങ്കിലും തനിക്ക് ഇത് കടുത്ത മാനസിക വിഷമവും സമ്മര്‍ദവും ഉണ്ടാക്കി. പിറ്റേന്ന് വനിതാ സഖാക്കള്‍ക്കൊപ്പം സമ്മേളനത്തില്‍ നില്‍ക്കുമ്പോള്‍ തന്റെ അടുത്തെത്തി, എനിക്ക് മുഖലക്ഷണം അറിയാം, സഖാവിന്റെ മുഖം കണ്ടിട്ട് നല്ല ടെന്‍ഷനുണ്ട് എന്ന് തോന്നുന്നു എന്ന് ശശി പറഞ്ഞതായും വനിതാ നേതാവ് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ശശിയില്‍ നിന്ന് പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച താന്‍ അടുത്ത ചില സുഹൃത്തുക്കളോടും സഖാക്കളോട് ഈ അനുഭവങ്ങള്‍ വിശദീകരിച്ചു. 
പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ വിവാദം ആക്കേണ്ട എന്ന് ചിലര്‍ ഉപദേശിച്ചു.ഇനി ഇങ്ങനെയുണ്ടായാല്‍ പാര്‍ട്ടിയില്‍ പരാതി നല്‍കി നടപടി എടുപ്പിക്കാം എന്ന് ഇവര്‍ ഉറപ്പുനല്‍കിയതായും വനിതാ നേതാവ് പറയുന്നു. 

പിന്നെ കുറച്ചുകാലത്തേയ്ക്ക് ശശിയുടെ ശല്യം ഉണ്ടായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങിയ ശശി ഭീഷണിയും പ്രലോഭനങ്ങളും തുടര്‍ന്നതായും വഴങ്ങിയാലുളള ഗുണങ്ങളെ കുറിച്ച് വാചാലനായതായും പരാതിയില്‍ പറയുന്നു. ഇതോടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും ഭയപ്പെട്ടതായി വനിതാ നേതാവ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com