ശശി മിണ്ടണ്ട; പരസ്യപ്രസ്താവനക്ക് വിലക്ക്; പ്രകോപനം ഉണ്ടാക്കരുതെന്ന് പാര്‍ട്ടി

പികെ ശശി എംഎല്‍എയക്ക് പരസ്യപ്രസ്താവനക്ക് വിലക്ക് -  പരസ്യപ്രസ്താവനകളിലൂടെ പ്രകോപനം ഉണ്ടാക്കരുതെന്ന് സിപിഎം 
ശശി മിണ്ടണ്ട; പരസ്യപ്രസ്താവനക്ക് വിലക്ക്; പ്രകോപനം ഉണ്ടാക്കരുതെന്ന് പാര്‍ട്ടി

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരായ ലൈംഗിക ആരോപണ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എംഎല്‍എയ്ക്ക്  പരസ്യപ്രസ്താവനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സിപിഎം. പരസ്യപ്രസ്താവനകളിലൂടെ പ്രകോപനം ഉണ്ടാക്കരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വം ശശിയോട് ആവശ്യപ്പെട്ടതായാണ് സൂചന

പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവില്‍ നിന്ന്  മൊഴി എടുക്കാന്‍  ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പികെ ശ്രീമതി യുവതിയില്‍ നിന്ന് വിവരങ്ങള്‍ ആരായും. അന്വേഷണ കമ്മീഷന്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത സംസ്ഥാന സമിതി യോഗത്തിന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ ഒന്നിനാണ് സംസ്ഥാനസമിതി യോഗം.

അതേസമയം  പി.കെ. ശശിക്കെതിരായ പരാതിയില്‍ നടപടി തുടങ്ങിയതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. തനിക്കു കിട്ടിയ പരാതി അപ്പോള്‍ തന്നെ സംസ്ഥാന നേതൃത്വത്തിനു കൈമാറി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. തെറ്റു ചെയ്താല്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നായിരുന്നു എസ്ആര്‍പിയുടെ പ്രതികരണം. പി.കെ. ശശിക്കെതിരായ പരാതിയില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിക്കകത്ത് നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞത് വിവരദോഷികളെന്നായിരുന്നു പികെ ശശി എംഎല്‍എയുടെ പ്രതികരണം. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ തന്നില്‍നിന്ന് ഒരു മാധ്യമ പ്രവര്‍ത്തകനും കിട്ടില്ലെന്ന് ശശി പറഞ്ഞു.മാധ്യമപ്രവര്‍ത്തകര്‍ വിചാരിക്കുന്നപോലെ ഒരു പാര്‍ട്ടിയല്ല സിപിഎം എന്ന് ശശി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പല കാര്യങ്ങളും നടക്കും. അതു പുറത്തുപറയേണ്ടതല്ല. ചില വിവരദോഷികള്‍ പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞിട്ടുണ്ടാവും. തന്നെ അതിനു കിട്ടില്ലെന്ന് ശശി പറഞ്ഞു.

തനിക്കെതിരെ പരാതിയുണ്ടെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് മുന്‍പു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തെറ്റായ വഴികളിലൂടെ സഞ്ചരിച്ചിട്ടില്ല. ഇനി തന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിഴവു വന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നിശ്ചയിക്കുന്ന നടപടി സ്വീകരിക്കാന്‍ തയാറാണ്. അതിനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് ശശി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com