പതിനായിരം രൂപയുടെ ധനസഹായം; ഇനിയെല്ലാം ഓണ്‍ലൈനില്‍ അറിയാം

ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരം വിവരങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നത് 
പതിനായിരം രൂപയുടെ ധനസഹായം; ഇനിയെല്ലാം ഓണ്‍ലൈനില്‍ അറിയാം

കൊച്ചി: പ്രളയ ബാധിത മേഖലകളിലുള്ളവര്‍ക്കുള്ള അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണത്തിന്റെയും പതിനായിരം രൂപയുടെ അടിയന്തര സഹായത്തിന്റേയും വിവരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് ജില്ലാ ഭരണകൂടം. ernakulam.gov.in എന്ന എറണാകുളം ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റിലാണ് സെപ്റ്റംബര്‍ അഞ്ച് വരെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരം വിവരങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നതെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. വെബ്‌സൈറ്റില്‍ കയറിയ ശേഷം മുകളിലെ ഓപ്ഷന്‍ ഐക്കണില്‍ നിന്ന് ഫ്‌ലഡ് റിലീഫ് തെരഞ്ഞെടുക്കുക. കിറ്റുകളുടേയും ധനസഹായത്തിന്റെയും വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ സൈറ്റില്‍ നിന്നും ലഭ്യമാണ്. ഓരോ താലുക്കില്‍ നിന്നുള്ള വിവരങ്ങള്‍ എക്‌സല്‍ ഷീറ്റില്‍ തയാറാക്കിയാണ് പ്രസിദ്ധപ്പെടുത്തുന്നത്. 

ജില്ലയില്‍ സെപ്തംബര്‍ 5 വരെ പതിനായിരം രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുള്ള 72874  കുടുംബങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പറവൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍  34909. ആലുവ താലൂക്ക്  9730, കണയന്നൂര്‍  8772, കുന്നത്തുനാട്  8558, മൂവാറ്റുപുഴ  7456, കോതമംഗലം  2033 കുടുംബങ്ങള്‍ക്കും ധനസഹായ വിതരണം നടത്തി. ഏറ്റവും കുറവ് പ്രളയ ബാധിത കുടുംബങ്ങള്‍ കൊച്ചി താലൂക്കിലാണുള്ളത്  1416.ഓരോ ദിവസവും വിതരണം ചെയ്യുന്ന കിറ്റുകളുടെയും ധനസഹായത്തിന്റെയും വിവരങ്ങള്‍ ജില്ല ഭരണകൂടം പുറത്തിറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com