പ്രളയം മറയാക്കി അരുംകൊല; 160 കിലോമീറ്റര്‍ അകലെ മൃതദേഹം ഉപേക്ഷിച്ചു,കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

ഗുണ്ടാ നേതാവിന്റെ ഭാര്യയെ ഒപ്പം പാര്‍പ്പിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പ്രളയം മറയാക്കി അരുംകൊല; 160 കിലോമീറ്റര്‍ അകലെ മൃതദേഹം ഉപേക്ഷിച്ചു,കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

കൊല്ലം: ഗുണ്ടാ നേതാവിന്റെ ഭാര്യയെ ഒപ്പം പാര്‍പ്പിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊറ്റങ്കര പേരൂര്‍ അയ്യര്‍മുക്കിന് സമീപം പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത് ജോണ്‍സണ്‍ ആണ് കൊല്ലപ്പെട്ടത്. 
രഞ്ജിതിനെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനും യുവതിയുടെ ഭര്‍ത്താവും കൂട്ടാളികളും തെരഞ്ഞെടുത്തത് വിജനമായ സ്ഥലങ്ങളായിരുന്നുവെന്നത് ഉള്‍പ്പെടെയുളള വിവരങ്ങളാണ് പുറത്തുവന്നത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ മയ്യനാട് സ്വദേശി മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്. മനോജിന്റെ ഭാര്യ ഏതാനും വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പം താമസിക്കുകയായിരുന്നു.

രഞ്ജിത്തിന്റെ വീട്ടില്‍ നിന്നു 15 കിലോമീറ്ററോളം അകലെ 1,500 ഏക്കര്‍ ചാത്തന്നൂര്‍ പോളച്ചിറ ഏലായിലാണ് കൊല നടന്നത്. മൃതദേഹം ഉപേക്ഷിച്ചതു 160 കിലോമീറ്ററോളം അകലെ തമിഴ്‌നാട്ടിലെ വിജനമായ സ്ഥലത്താണെന്ന് കസ്റ്റഡിയിലുള്ള മയ്യനാട് കൈതപ്പുഴി സ്വദേശി ഉണ്ണി മൊഴി നല്‍കി. പോളച്ചിറ ഏലായ്ക്കു ചുറ്റും ഏഴര കിലോമീറ്റര്‍ നീളത്തില്‍ ബണ്ട് റോഡ് ഉണ്ട്. ഒരു വാഹനത്തിനു കടന്നുപോകാനുള്ള വീതിയേയുള്ളൂ.

സാമൂഹികവിരുദ്ധര്‍ തമ്പടിക്കുന്നത് ഇവിടെയാണ്. അന്നു ശക്തമായ മഴയായിരുന്നതിനാല്‍ ബണ്ട് റോഡിന്റെ പൊക്കത്തിനൊപ്പം വെള്ളം ഉയര്‍ന്നിരുന്നു. ബണ്ടിന്റെ പുറകുവശത്തുള്ള തോട്ടിലും വയലിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഉയര്‍ന്നിരുന്നു. പരിസരവാസികള്‍ പകല്‍പോലും അന്നു ബണ്ട് റോഡ് വഴിയുള്ള യാത്ര കുറച്ചിരുന്നു. വിജനമായ ഈ സ്ഥലമാണു കൊലപാതകത്തിനു തെരഞ്ഞെടുത്തത്. ഏലായോടു ചേര്‍ന്നു വീടുകള്‍ വളരെ കുറവായതിനാല്‍ നിലവിളി പോലും കേള്‍ക്കില്ല.

രഞ്ജിത്തിനെ എങ്ങനെയും വക വരുത്തുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു വര്‍ഷമായി പക മനസ്സിലിട്ടു നടന്ന മനോജ് ഒടുവില്‍ കഴിഞ്ഞ 15നു കൃത്യം നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായാണു പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേന മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്.

പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നെന്നാണ് ഉണ്ണി മൊഴി നല്‍കിയത്. ഉണ്ണി നല്‍കിയ ആദ്യ മൊഴികള്‍ അന്വേഷണ സംഘത്തെ വട്ടം കറക്കിയിരുന്നു. രഞ്ജിത്തിനെ കാറില്‍ നിന്ന് ഇത്തിക്കര ആറ്റില്‍ തള്ളിയെന്നാണ് ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്നു വിശദമായി നടന്ന ചോദ്യം ചെയ്യലിലാണു ചാത്തന്നൂര്‍ പോളച്ചിറ ഏലയില്‍ വച്ചാണു കൊലപാതകം നടത്തിയതെന്നു സമ്മതിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com