സര്‍ക്കാര്‍ ചെലവില്‍ മണ്ടത്തരം വിളിച്ചുപറഞ്ഞു നടക്കരുത്; പിഎച്ച് കുര്യനു മറുപടിയുമായി വിഎസ് സുനില്‍ കുമാര്‍

സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് അച്ചടക്ക ലംഘനമാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും
സര്‍ക്കാര്‍ ചെലവില്‍ മണ്ടത്തരം വിളിച്ചുപറഞ്ഞു നടക്കരുത്; പിഎച്ച് കുര്യനു മറുപടിയുമായി വിഎസ് സുനില്‍ കുമാര്‍

തൃശൂര്‍: ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ചെലവില്‍ മണ്ടത്തരം വിളിച്ചുപറഞ്ഞുനടക്കരുതെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ അതിന് അനുസരിച്ചുവേണം സംസാരിക്കാനെന്ന്, തന്നെ അപഹസിച്ച റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന് മറുപടിയായി സുനില്‍ കുമാര്‍ വാര്‍ത്താലേഖകരോടു പറഞ്ഞു. 

നെല്‍കൃഷി വര്‍ധിപ്പിക്കുന്നതു മോക്ഷം കിട്ടുന്നപോലെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന്, കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനെ വിമര്‍ശിച്ചുകൊണ്ട് കുര്യന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കുട്ടനാട്ടിലെ നെല്‍കൃഷി നഷ്ടമാണെന്നും ഇക്കാര്യത്തില് പുനര്‍വിചിന്തനം വേണമെന്നുമാണ് ആലപ്പുഴയിലെ പരിപാടിയില്‍ സംസാരിച്ചുകൊണ്ട് പിഎച്ച് കുര്യന്‍ അഭിപ്രായപ്പെട്ടത്. 

ജലമാനേജ്‌മെന്റില്‍ നെല്‍കൃഷിക്കു പ്രധാന പങ്കുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ കാണിക്കുന്നത്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും കുട്ടനാട്ടില്‍ നെല്‍കൃഷി വര്‍ധിപ്പിക്കണമെന്നാണ്. നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്കു വര്‍ധിപ്പിക്കുകയെന്നതാണ് ഈ സര്‍ക്കാരിന്റെ നയം. ഉദ്യോഗസ്ഥര്‍ അതാണ് പറയേണ്ടത്. മറിച്ചു പറയുമ്പോള്‍ അതിന് ശാസ്ത്രീയ അടിത്തറ വേണം. സര്‍ക്കാര്‍ ചെലവില്‍ മണ്ടത്തരങ്ങള്‍ പറയുകയല്ല ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് അച്ചടക്ക ലംഘനമാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമായും മറ്റ് മന്ത്രിമാരുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയെയും വിവരം ധരിപ്പിക്കും. കുര്യന്റെ പ്രസംഗം കൃഷിമന്ത്രിയെ അപഹസിക്കുന്നതായല്ല, താന്‍ കാണുന്നത്. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായ കാര്യമാണതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com