പ്രളയബാധിതര്‍ക്കെല്ലാം അഞ്ച് കിലോ സൗജന്യ അരി

പ്രളയബാധിത പ്രദേശങ്ങളില്‍ കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി സൗജന്യമായി വിതരണം ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനിച്ചു
പ്രളയബാധിതര്‍ക്കെല്ലാം അഞ്ച് കിലോ സൗജന്യ അരി

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി സൗജന്യമായി വിതരണം ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. നേരത്തെ വിതരണം ചെയ്ത അരിക്ക് പുറമേയാണിത്. മുന്‍ഗണനാ വിഭാഗത്തിനും ഇതരവിഭാഗത്തിനും താലൂക്ക് അടിസ്ഥാനത്തില്‍ അരി നല്‍കും.സൗജന്യമാണോയെന്ന് വ്യക്തമാകാതെ കേന്ദ്രം നല്‍കിയ അരിയില്‍ നിന്നാണ് ഈ മാസവും അരി വിതരണം ചെയ്യുന്നത്.

89,549 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ചത്. ഇതില്‍നിന്ന് ആഗസ്റ്റ് മാസം പ്രളയബാധിതരായ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും അഞ്ച് കിലോ വീതം അരി നല്‍കി. 39 ലക്ഷം പേര്‍ സൗജന്യ അരി വാങ്ങി. ഇന്നു മുതല്‍ സെപ്തംബര്‍ മാസത്തെ അധിക അരി വിഹിതം റേഷന്‍ കടകളിലെത്തിക്കും. ഹര്‍ത്താല്‍ കാരണം വാഹനം നിരത്തിലിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചൊവ്വാഴ്ചയാകും അരി എത്തിക്കുക.

പ്രളയത്തെ തുടര്‍ന്ന് ഒരു ലക്ഷം ടണ്‍ അരി കേന്ദ്ര ഭക്ഷ്യവകുപ്പിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 89,549 ടണ്‍ അനുവദിച്ചത്. എന്നാല്‍ അരിവിലയും ഗതാഗത ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് കേന്ദ്രഭക്ഷ്യവകുപ്പ് ഉത്തരവിറക്കി. ഒരു കിലോഗ്രാം അരിക്ക് 25 രൂപയോളം വരും. 89,549 ടണ്‍ അരിക്ക് വേണ്ടത് 223. 87കോടി രൂപ. ഇപ്പോള്‍ പണം നല്‍കേണ്ടെങ്കിലും പിന്നീട് നല്‍കണം. അല്ലെങ്കില്‍ കേരളത്തിന്റെ ഭക്ഷ്യ വിഹിതത്തില്‍ നിന്നു വെട്ടിക്കുറയ്ക്കുമെന്നും ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കു ലഭിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com