'കൈപ്പത്തി വഴി കാട്ടി' ; ഒടുവിൽ നാരായണ പിള്ള സ്വന്തം വീട്ടിൽ തിരിച്ചെത്തി

പ്രളയ ദുരിതത്തെ തുടർന്ന് ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ വൃദ്ധൻ വഴി തെറ്റി എത്തിച്ചേർന്നത് കോട്ടയത്ത്
'കൈപ്പത്തി വഴി കാട്ടി' ; ഒടുവിൽ നാരായണ പിള്ള സ്വന്തം വീട്ടിൽ തിരിച്ചെത്തി

കോട്ടയം : പ്രളയ ദുരിതത്തെ തുടർന്ന് ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ വൃദ്ധൻ വഴി തെറ്റി എത്തിച്ചേർന്നത് കോട്ടയത്ത്. കോട്ടയം നട്ടാശേരി ഔമശേരിയിൽ പ്രസാദ് കുമാറിന്റെ വീട്ടിലെത്തിയ വൃദ്ധന് തന്റെ പേര് നാരായണ പിള്ള എന്നാണെന്ന് മാത്രം ഓർമ്മയുണ്ട്. എന്നാൽ വീട് എവിടെയാണെന്നോ, സ്ഥലത്തിന്റെ പേരോ അടയാളമോ ഒന്നും ഓർമ്മയില്ല. വീട്ടിൽ വെള്ളം കയറിയെന്നും ദുരിതാശ്വാസ ക്യാംപിലായിരുന്നു എന്നും വൃദ്ധൻ അറിയിച്ചു. 

ഇതോടെ വീട്ടുകാർ കുഴങ്ങി. ഒടുവിൽ ​ഗൃഹനാഥൻ പ്രസാദ് കുമാർ , ഓർമ്മശേഷി നഷ്ടപ്പെട്ട വൃദ്ധനെയും കൂട്ടി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെ ഓഫിസർ ആഷ് ടി.ചാക്കോയും പൊലീസുകാരും പലവിദ്യ പയറ്റിയെങ്കിലും നാരായണപിള്ളയ്ക്ക് വീടെവിടെ എന്ന് മാത്രം ഓർമ്മിക്കാനായില്ല. ഇടയ്ക്ക് എപ്പോഴോ തിരുവല്ലയിലെ ഒരു ആശുപത്രിയുടെ പേര് പറഞ്ഞു. 

ആർക്കാണ് വോട്ടു ചെയ്തതെന്ന യാദൃശ്ചികമായ ഒരു ചോദ്യമാണ്, ഒടുവിൽ വൃദ്ധന്റെ സ്വദേശം കണ്ടെത്തുന്നതിൽ വഴി തെളിച്ചത്.  ‘ആർക്കാണു വോട്ട് ചെയ്തത് എന്ന ചോദ്യത്തിന്,  കൈപ്പത്തിയിലുള്ള ആ കൊച്ചു ചെറുക്കനാ ഞാൻ കുത്തിയത് എന്നായിരുന്നു 85 കാരനായ നാരായണ പിള്ളയുടെ മറുപടി.

കൈപ്പത്തി ചിഹ്നത്തിലെ കൊച്ചു പയ്യൻ പിസി വിഷ്ണുനാഥാണെന്ന് പൊലീസ് അനുമാനിച്ചു. തുടർന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ഓഫിസർ ആഷ് ടി.ചാക്കോയും കൺട്രോൾ റൂം എഎസ്ഐ പ്രഭാഷും നടത്തിയ അന്വേഷണത്തിൽ നാരായണ പിള്ള ചെങ്ങന്നൂർ മാലക്കര സ്വദേശിയാണെന്നു കണ്ടെത്തുകയായിരുന്നു. അങ്ങനെ ഹർത്താലായിട്ടും ഇന്നലെ വൈകീട്ട് നാലുമണിയോടെ നാരായണ പിള്ള സ്വന്തം വീട്ടിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com