ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കി, ഹര്‍ജി വേഗംകേട്ട് തീര്‍പ്പാക്കാന്‍ ഹൈക്കോടതി അനുമതി; കോടതിയുടെ ചരിത്രത്തില്‍ ആദ്യം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് പരിഗണിച്ച് തന്റെ ഹര്‍ജി വേഗംകേട്ട് തീര്‍പ്പാക്കണമെന്ന കക്ഷിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു
ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കി, ഹര്‍ജി വേഗംകേട്ട് തീര്‍പ്പാക്കാന്‍ ഹൈക്കോടതി അനുമതി; കോടതിയുടെ ചരിത്രത്തില്‍ ആദ്യം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് പരിഗണിച്ച് തന്റെ ഹര്‍ജി വേഗംകേട്ട് തീര്‍പ്പാക്കണമെന്ന കക്ഷിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.മലബാര്‍ സിമന്റ്‌സ് കേസിലെ പ്രതിയായ സ്വകാര്യകമ്പനി മാനേജിങ് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നല്‍കിയാണ് പ്രിഫറന്‍ഷ്യല്‍ ഹിയറിങിന് അനുമതി സ്വന്തമാക്കിയത്.  മലബാര്‍ സിമന്റസിന്റെ ചേര്‍ത്തലയിലുളള സിമന്റ് ഗ്രൈന്റിങ് യൂണിറ്റില്‍ നടന്ന അഴിമതിക്കേസാണ് ഹൈക്കോടതിയിലുളളത്. 

സംസ്ഥാനത്ത് ആദ്യമായാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കേസ് നടപടി വേഗത്തിലാക്കുന്ന സൗകര്യം പ്രയോജനപ്പെടുത്തുന്നത് എന്ന പ്രത്യേകതയുണ്ട്. സുപ്രീംകോടതിയില്‍ ഈ രീതിയുണ്ടെങ്കിലും കേരള ഹൈക്കോടതിയില്‍ ഇത് ആദ്യമാണ്.

ടെന്‍ഡര്‍ ഇല്ലാതെ എഐഎ എന്‍ജിനീയറിങ് എന്ന കമ്പനിക്ക് 1.1 കോടി രൂപയുടെ മെഷീന്‍ വാങ്ങാന്‍ കരാര്‍ നല്‍കിയെന്നതാണ് വിജിലന്‍സ് കേസ്. കേസില്‍ ആറാം പ്രതിയായ സ്വകാര്യകമ്പനി മാനേജിങ് ഡയറക്ടര്‍ ഭദ്രേഷ് ഷായാണ് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണയും വിധിയും നീളുമെന്നതിനാലാണ് പ്രത്യേക പരിഗണന കിട്ടാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രിഫറന്‍ഷ്യല്‍ ഹിയറിങ്ങിന് അനുമതി വാങ്ങിയത്. സംഭാവനയുടെ രസീത് കോടതിയില്‍ ഹാജരാക്കി. അപേക്ഷ പരിഗണിച്ച് മുന്‍ഗണന മറികടന്ന് ഭദ്രേഷ് ഷായുടെ കേസ് നേരത്തെ വിളിച്ചുകേട്ടു തീര്‍പ്പാക്കാന്‍ ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ നിര്‍ദേശിക്കുകയായിരുന്നു. കേസ് 14ന് പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com