'ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ കാണുന്നത് കഴുകന്‍ കണ്ണുകളോടെ' ; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ വത്തിക്കാന് എഴുതിയ കത്ത് പുറത്ത്

മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെയും ബിഷപ്പ് കെണിയില്‍പ്പെടുത്തി. 
'ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ കാണുന്നത് കഴുകന്‍ കണ്ണുകളോടെ' ; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ വത്തിക്കാന് എഴുതിയ കത്ത് പുറത്ത്

കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിട്ടുള്ളത്. കഴുകന്‍ കണ്ണുകളോടെയാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ കാണുന്നതെന്ന് പരാതിക്കാരി കത്തില്‍ പറയുന്നു. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെയും ബിഷപ്പ് കെണിയില്‍പ്പെടുത്തി. മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകളാണ് പടിയിറങ്ങിയത്. 

പണവും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് ബിഷപ്പ് പൊലീസിനെയും സര്‍ക്കാരിനെയും സ്വാധീനിക്കുകയാണ്. ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന കന്യാസ്ത്രീകളെ സ്ഥലംമാറ്റി നിശബ്ദരാക്കുന്ന തന്ത്രമാണ് ബിഷപ്പ് പയറ്റുന്നത്. കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്നാണ് തന്റെ അനുഭവം തെളിയിക്കുന്നതെന്ന് വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്തില്‍ പറയുന്നു. ബിഷപ്പിനെതിരായ പരാതിയില്‍ സഭ രണ്ടാനമ്മ നയമാണ് സ്വീകരിച്ചുവരുന്നത്. വിഷയത്തില്‍ സഭ സംരക്ഷിക്കുന്നത് ബിഷപ്പിനെയാണെന്നും കന്യാസ്ത്രീ പരാതിയില്‍ കുറ്റപ്പെടുത്തുന്നു. 

നേരത്തെ മറ്റൊരു കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. സഭ നടത്തിയ ആരോപണത്തിലും ഇത് തെളിഞ്ഞിരുന്നു. എന്നാല്‍ പരാതിക്കാരിയായ കന്യാസ്ത്രീയെ സ്ഥലംമാറ്റി കേസ് ബിഷപ്പ് ഒത്തുതീര്‍പ്പാക്കി. താന്‍ നല്‍കിയ പരാതിയിലും, ആക്ഷേപം സത്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസും സര്‍ക്കാരും അന്വേഷണത്തില്‍ ഒളിച്ചു കളിക്കുന്നത് ബിഷപ്പിന്റെ പണത്തിന്റെയും സ്വാധീനത്തിന്റെയും പുറത്താണെന്നും കന്യാസ്ത്രീ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com