ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസില്‍ തങ്ങള്‍ക്ക് യാതൊരു റോളുമില്ല ; കേരള പൊലീസിന് സര്‍വ പിന്തുണയുമെന്ന് ജലന്ധര്‍ പൊലീസ്

കേസന്വേഷണത്തിന് പഞ്ചാബ് പൊലീസ് എല്ലാവിധ പിന്തുണയും സഹായവും നല്‍കിയിട്ടുണ്ട്. കേസില്‍ തുടര്‍ന്നും എല്ലാ പിന്തുണയും നല്‍കും
ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസില്‍ തങ്ങള്‍ക്ക് യാതൊരു റോളുമില്ല ; കേരള പൊലീസിന് സര്‍വ പിന്തുണയുമെന്ന് ജലന്ധര്‍ പൊലീസ്


ജലന്ധര്‍ : ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പഞ്ചാബ് പൊലീസ്. കേസന്വേഷണത്തിന് പഞ്ചാബ് പൊലീസ് എല്ലാവിധ പിന്തുണയും സഹായവും നല്‍കിയിട്ടുണ്ട്. കേസില്‍ തുടര്‍ന്നും എല്ലാ പിന്തുണയും നല്‍കും. കേസന്വേഷണത്തെ പിന്തുണയ്ക്കുന്നത് ക്രമസമാധാനത്തെ ബാധിക്കുമെന്ന ആരോപണങ്ങളും ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ തള്ളി. 

ലൈംഗിക ആരോപണ വിധേയനായ ബിഷപ്പിനെ ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത് പഞ്ചാബില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു വാദം ഉയര്‍ന്നത്. കേസില്‍ ബിഷപ്പിനെ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തോട്, ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ തടഞ്ഞത്. പിന്നീട് പഞ്ചാബ് പൊലീസ് കേരള പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്ന് അറിയിച്ചതോടെയാണ് കേരള പൊലീസ് സംഘത്തിന് ചോദ്യം ചെയ്യലിന് അടക്കമുള്ള അനുമതി നല്‍കിയത്. 

പിന്നീട് ബിഷപ്പിനെ ചോദ്യം ചെയ്യാനെത്തിയ വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്, ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ സാധിച്ചത്. ഏതാണ്ട് ഒമ്പതു മണിക്കൂറോളം പൊലീസ് ബിഷപ്പിനെ ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ അടക്കം നിരവധി സാധനങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ബിഷപ്പ് പീഡിപ്പിച്ചെന്ന് കാണിച്ച് കന്യാസ്ത്രീ പരാതി നല്‍കി 75 ദിവസങ്ങളോളം പിന്നിടുമ്പോള്‍, കേസില്‍ പത്തിലേറെ തവണയാണ് പൊലീസ് കന്യാസ്ത്രീയെ ചോദ്യം ചെയ്തത്. അതേസമയം ആരോപണ വിധേയനായ ബിഷപ്പിനെ ഒരു തവണ മാത്രമാണ് ചോദ്യം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com