ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ നൂറു ചോദ്യങ്ങള്‍, മൊഴി പരിശോധിക്കാന്‍ മൂന്നംഗ ടീം, അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അന്വേഷണ സംഘം കൈമാറിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്
ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ നൂറു ചോദ്യങ്ങള്‍, മൊഴി പരിശോധിക്കാന്‍ മൂന്നംഗ ടീം, അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അന്വേഷണ സംഘം കൈമാറിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ബിഷപ്പിന് നോട്ടീസ് നല്‍കിയ കാര്യവും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കേസന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാന്‍ നൂറു ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചത്. മൊഴികള്‍ പരിശോധിക്കാന്‍ മൂന്നംഗ ടീമിനെ നിയോഗിച്ചു. ഈ മാസം 17 ന് അകം മൊഴികള്‍ വിശദ പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മൊഴികളിലെ വ്യക്തതയ്ക്കായി അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നാണ് ബിഷപ്പിന്റെ പീഡനം പുറത്തുപറയാന്‍ ധൈര്യം ലഭിച്ചതെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തെളിവ് ശേഖരിക്കാന്‍ പരിശോധന നടത്തിയത്. 

കന്യാസ്ത്രീകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കന്യാസ്ത്രീകള്‍ക്ക് നാലു തലത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കന്യാസ്ത്രീകള്‍ക്ക് ഭീഷണി ഉണ്ടെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

 കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചിരുന്നു. അടുത്ത ബുധനാഴ്ചയ്ക്ക് മുന്‍പായി കേരളത്തിലെത്തും. ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുമ്പാകെ ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍ ബിഷപ്പ് അറിയിച്ചു. കന്യാസ്ത്രീയുടെ പരാതിയില്‍ 19ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com