എല്‍നിനോയ്ക്ക് സാധ്യത; വരാനിരിക്കുന്നത് കൊടും വരള്‍ച്ച,തുലാവര്‍ഷം കാര്യമായി പ്രതീക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്

കേരളം എല്‍നിനോയെയും ഭയക്കണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു
എല്‍നിനോയ്ക്ക് സാധ്യത; വരാനിരിക്കുന്നത് കൊടും വരള്‍ച്ച,തുലാവര്‍ഷം കാര്യമായി പ്രതീക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്

കൊച്ചി: പ്രളയത്തിനു പിന്നാലെ അനുഭവപ്പെടുന്ന അസാധാരണ ചൂടിന്റെ പിടിയിലാണ് കേരളം. ഇനി കേരളം എല്‍നിനോയെയും ഭയക്കണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷം അവസാനംമുതല്‍ അടുത്തവര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലയളവ് വരെയാണ് എല്‍നിനോ പ്രഭാവസാധ്യതയുള്ളത്. സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ 50 മുതല്‍ 70 ശതമാനംവരെ സാധ്യതയാണ് ഇതിനുള്ളതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് മുന്നറിയിപ്പ് നല്‍കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്‍നിനോ പ്രഭാവം രാജ്യത്തെ കൊടുംവരള്‍ച്ചയിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തല്‍. മൂന്നുമുതല്‍ ഏഴുവര്‍ഷംവരെയുള്ള ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്താണ് എല്‍നിനോ രൂപംകൊള്ളുന്നത്. പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖയോട് ചേര്‍ന്ന് കടല്‍ജലത്തിന്റെ ചൂട് കൂടുന്നതാണ് ഇതിനു കാരണം. ചൂട് രണ്ടുമുതല്‍ അഞ്ചു ഡിഗ്രിവരെ കൂടാം.ആഗോള കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന എല്‍നിനോ നമ്മുടെ മഴക്കാലത്തെയും ബാധിക്കും. മഴ കിട്ടുന്ന സ്ഥലങ്ങളില്‍ മഴ കുറയും. മഴ കുറവുള്ള സ്ഥലങ്ങളില്‍ അതിവര്‍ഷവും ഉണ്ടാകും. ഒരു വര്‍ഷത്തോളം ഇതു നീണ്ടുനിന്നേക്കും. ഇതനുസരിച്ച് കണക്കുകൂട്ടിയാല്‍ കേരളത്തിന് അടുത്തവര്‍ഷം കൊടുംവരള്‍ച്ചയുടേതാകാനാണ് സാധ്യതയെന്ന് മനോജ് പറഞ്ഞു.ഇപ്പോഴത്തെ ചൂട് വരുംദിവസങ്ങളിലും തുടരും. മഴമേഘങ്ങളുടെ സാന്നിധ്യം കേരളത്തിലൊരിടത്തും കാണാനില്ല. തുലാവര്‍ഷം കാര്യമായി പ്രതീക്ഷിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.

പ്രളയാനന്തരം ഭൗമോപരിതലത്തില്‍ വിള്ളല്‍ കൂടി. നദികളില്‍ വെള്ളം കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസം തുടരും. ഭൗമോപരിതലത്തിലെ വിള്ളലുകള്‍ അസന്തുലനാവസ്ഥയ്ക്ക് കാരണമാകുമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല മറൈന്‍ ജിയോളജി ആന്‍ഡ് ജിയോ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. അജയകുമാര്‍ പറഞ്ഞു. പലസ്ഥലങ്ങളിലും ഭൂമിയുടെ ഉപരിതല വിള്ളലുകള്‍ വലുതായി. ഇത് ഭൂമിയിലെ സമ്മര്‍ദം കൂട്ടിയതായി അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com