അത് പുലിയുമല്ല, പൂച്ചയുമല്ല; മറ്റൊരു ജീവിയെന്ന് വനം വകുപ്പ്‌

ആലുവ തുരുത്തില്‍ ആടുകളെ കൊലപ്പെടുത്തിയതിന് പിന്നാലെ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു
അത് പുലിയുമല്ല, പൂച്ചയുമല്ല; മറ്റൊരു ജീവിയെന്ന് വനം വകുപ്പ്‌

നെടുമ്പാശേരി: പുലിയെ കണ്ടെന്ന വാര്‍ത്തയായിരുന്നു ആലുവ തുരുത്തില്‍ ഏതാനും ദിവസമായി ആശങ്ക തീര്‍ത്തിരുന്നത്. അത് പുലിയല്ല വലിയ ഇനം കാട്ടുപൂച്ചയാവാം എന്നായിരുന്നു വനം വകുപ്പിന്റെ വാദം. എന്നാല്‍, അത് പുലിയുമല്ല, കാട്ടുപൂച്ചയുമല്ല, വലിയ പട്ടിയായിരിക്കാം അത് എന്ന നിഗമനത്തിലാണ് അധികൃതര്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. 

ആലുവ തുരുത്തില്‍ ആടുകളെ കൊലപ്പെടുത്തിയതിന് പിന്നാലെ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. നാല് ആടുകളെയാണ് ഈ ജീവി കൊന്നു തിന്നത്. വീടിന്റെ മുറ്റത്തായിരുന്നു കാല്‍പ്പാടുകള്‍ പ്രത്യക്ഷപ്പെട്ടതും. 

നാട്ടുകാരുടെ ആശങ്കയെ തുടര്‍ന്ന് പുലിയെ കണ്ടെന്ന് പറയുന്ന ഭാഗത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഈ പറയുന്ന തരത്തില്‍ ജീവിയെ കണ്ടെത്താനായില്ല. എന്നാല്‍ ഉളിയന്നൂര്‍ ഭാഗത്ത് ഇത്തരമൊരു ജീവിയെ കണ്ടതായി നാട്ടുകാര്‍അധികൃതരെ അറിയിച്ചിട്ടുണ്ട്. 

ആലുവ തുരുത്തില്‍ നിന്നും ലഭിച്ച കാല്‍പ്പാടില്‍ നഖം മണ്ണില്‍ പതിഞ്ഞിട്ടുണ്ട്. പുലി നടക്കുമ്പോള്‍ നഖം മണ്ണില്‍ പതിയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പട്ടികള്‍ നടക്കുമ്പോള്‍ ഇത്തരത്തില്‍ നഖത്തിന്റെ പാടുകള്‍ പതിയാറുണ്ട്. പ്രളയത്തില്‍പ്പെട്ട് രക്ഷപെട്ട് ഓടിയെത്തിയ ഏതെങ്കിലും വലിയ ഇനം പട്ടിയെ ആകാം നാട്ടുകാര്‍ കണ്ടതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com