ഐ.എസ്.ആര്‍.ഒ. ചാരക്കേസിൽ സുപ്രീംകോടതി വിധി ഇന്ന് ; തീർപ്പാക്കുന്നത് 24 വർഷം നീണ്ട നിയമപോരാട്ടം

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്
ഐ.എസ്.ആര്‍.ഒ. ചാരക്കേസിൽ സുപ്രീംകോടതി വിധി ഇന്ന് ; തീർപ്പാക്കുന്നത് 24 വർഷം നീണ്ട നിയമപോരാട്ടം

ന്യൂഡൽഹി : ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. തന്നെ ചാരക്കേസിൽ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്.  മുന്‍ ഡി.ജി.പി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാര തുക ഉയര്‍ത്തി നല്‍കുന്ന കാര്യം പരി​ഗണിക്കുമെന്ന്, വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ  കള്ളക്കേസില്‍ കുടുക്കിയതിനു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നമ്പി നാരായണന്‍ ആവശ്യപ്പെട്ടത്.

കേസില്‍ നമ്പി നാരായണനെ വെറുതെ വിട്ട കേരള ഹൈക്കോടതി 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ഇത് 25 ലക്ഷം വരെയാക്കാമെന്നാണ് വാദത്തിനിടെ കോടതി പറഞ്ഞത്. നമ്പിനാരായണനെ മന:പൂര്‍വം കേസില്‍പ്പെടുത്തിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്നും പറഞ്ഞു. 

എന്നാല്‍, സംസ്ഥാനസര്‍ക്കാരിന്‍റെ അന്വേഷണം പോരേയെന്ന് കോടതി ആരാഞ്ഞു. സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിലപാട് എടുത്തത്. നഷ്ടപരിഹാരം ആദ്യം സംസ്ഥാനസര്‍ക്കാര്‍ നമ്പി നാരായണന് നല്‍കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് തുക ഈടാക്കാവുന്നതാണെന്നും നിരീക്ഷിച്ചിരുന്നു.  കേസിൽ പ്രതി ചേർത്ത്1994 നവംബർ 30 നാണ് നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com