പിന്നില്‍ കളിച്ചത് അഞ്ചുപേര്‍, കരുണാകരനെതിരെ ഉദ്യോഗസ്ഥരെ ചട്ടുകമാക്കി : പത്മജ വേണുഗോപാല്‍

കരുണാകരന് മരണം വരെ മനോവേദനയുണ്ടാക്കിയ സംഭവമാണ് ചാരക്കേസെന്ന് പത്മജ
പിന്നില്‍ കളിച്ചത് അഞ്ചുപേര്‍, കരുണാകരനെതിരെ ഉദ്യോഗസ്ഥരെ ചട്ടുകമാക്കി : പത്മജ വേണുഗോപാല്‍

കൊച്ചി : ഐഎസആര്‍ഒ ചാരക്കേസില്‍  മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ അഞ്ച് നേതാക്കളാണെന്ന് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചു. ഇവര്‍ ഇപ്പോഴും സജീവരാഷ്ട്രീയത്തിലുള്ളവരാണ്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ മുന്നില്‍ മൊഴി നല്‍കുമെന്നും പത്മജ പറഞ്ഞു. 

ഭാര്യ കല്യാണിക്കുട്ടിയമ്മ മരിച്ച അവസ്ഥയിലാണ് ചാരക്കേസ് പൊന്തിവരുന്നത്. മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു കെ കരുണാകരന്‍ അപ്പോള്‍. ചാരക്കേസിലെ ആരോപണം ഉയര്‍ന്നതോടെ രാഷ്ട്രീയം പോലും മടുത്ത മാനസികാവസ്ഥയിലായി അദ്ദേഹം. സത്യമെന്നെങ്കിലും പുറത്തു വരുമെന്നും, അന്ന് താനുണ്ടാകില്ലെന്നും മരണസമയത്തും കരുണാകരന്‍ പറഞ്ഞിരുന്നതായി പത്മജ വേണുഗോപാല്‍ പറഞ്ഞു. 

രാഷ്ട്രീയ ഗൂഢാലോചന ഇനി പുറത്തുവരണം. കേസിലെ പുകമറ നീങ്ങേണ്ടതുണ്ട്. സുപ്രീംകോടതി വിധിയില്‍ സന്തോഷം തോന്നി. കരുണാകരന് മരണം വരെ മനോവേദനയുണ്ടാക്കിയ സംഭവമാണ് ചാരക്കേസെന്നും പത്മജ പറഞ്ഞു.  

കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന്‍ അനുഭവിച്ച ദുരിതങ്ങള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം വേദനയുണ്ടാക്കിയ സംഭവമായിരുന്നു. ഉദ്യോഗസ്ഥര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചപ്പോള്‍, അവര്‍ തെറ്റു ചെയ്തു എന്നതിന് വേറെ തെളിവ് വേണ്ടല്ലോ. കുറ്റക്കാരല്ലെങ്കില്‍ അവരോട് നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി പറയില്ലല്ലോയെന്ന് പത്മജ പറഞ്ഞു. 

ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ സ്വമേധയാ പ്രവര്‍ത്തിക്കില്ല. അവര്‍ക്ക് നമ്പി നാരായണനോട് വിരോധം തോന്നേണ്ട കാര്യമില്ല. അപ്പോള്‍ ആരുടെയോ കയ്യിലെ ചട്ടുകമായിട്ടാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകുക എന്ന് തീര്‍ച്ചയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഇതിലെ പുകമറ ഇപ്പോഴും നീങ്ങിയിട്ടില്ല. സത്യം എന്നായാലും പുറത്തുവരിക തന്നെ ചെയ്യും. അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും പത്മജ പ്രതികരിച്ചു. 

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നായിരുന്നു ആരോപണം. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന സി.ബി.ഐ. ആന്വേഷണത്തില്‍ കുറ്റാരോപിതര്‍ക്കെതിരെ തെളിവ് ഇല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയായിരുന്നു. ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് രാജിവെക്കേണ്ടി വരികയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com