ചാരക്കേസ് ഞങ്ങള്‍ അന്വേഷിച്ചത് 15 ദിവസം മാത്രം, തന്നെ വലിച്ചിഴച്ചത് നിസ്സാര കാരണങ്ങളുടെ പേരില്‍; വിധി യുക്തിരഹിതമെന്ന് കെകെ ജോഷ്വാ

ചാരക്കേസ് ഞങ്ങള്‍ അന്വേഷിച്ചത് 15 ദിവസം മാത്രം, തന്നെ വലിച്ചിഴച്ചത് നിസ്സാര കാരണങ്ങളുടെ പേരില്‍; വിധി യുക്തിരഹിതമെന്ന് കെകെ ജോഷ്വാ
ചാരക്കേസ് ഞങ്ങള്‍ അന്വേഷിച്ചത് 15 ദിവസം മാത്രം, തന്നെ വലിച്ചിഴച്ചത് നിസ്സാര കാരണങ്ങളുടെ പേരില്‍; വിധി യുക്തിരഹിതമെന്ന് കെകെ ജോഷ്വാ

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രിം കോടതിയുടേത് യുക്തിരഹിതമായ വിധിയെന്ന്, അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന കെകെ ജോഷ്വാ. ഈ കേസില്‍ തന്നെ അനാവശ്യമായി ഇരയാക്കുകയാണെന്ന് ജോഷ്വാ മാധ്യമങ്ങളോടു പ്രതികരിച്ചു. ജോഷ്വാ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കി നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിം കോടതി വിധിക്കു പിന്നാലെയാണ് പ്രതികരണം.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ തങ്ങളുടെ പ്രത്യേക അന്വേഷണ സംഘം പതിനഞ്ചു ദിവസം മാത്രമാണ് അന്വേഷണം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച, ഇത്തരമൊരു കേസില്‍ ഈ ചുരുങ്ങിയ ദിവസം കൊണ്ട് നിഗമനത്തിലെത്താനാവില്ല. സിബിഐ ഒന്നര വര്‍ഷമെടുത്താണ് കേസില്‍ അന്തിമ നിഗമനത്തില്‍ എത്തിയതെന്ന്, അന്വേഷണത്തില്‍ പോരായ്മകള്‍ സംഭവിച്ചോയെന്ന ചോദ്യത്തിനോടു പ്രതികരിച്ചുകൊണ്ട് ജോഷ്വാ ചൂണ്ടിക്കാട്ടി. 

ഐജി സിബി മാത്യൂസ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അദ്ദേഹത്തെ സഹായിക്കുന്ന ചുമതല മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്. കേസ് ഡയറി എഴുതിയതില്‍ വീഴ്ച വന്നു, മൊഴി രേഖപ്പെടുത്തിയില്ല തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തനിക്കെതിരെ ഈ കേസില്‍ പരാമര്‍ശങ്ങള്‍ വന്നത്. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഇതു കണക്കിലെടുക്കാതെ ഒരു ജൂനിയര്‍ സിബിഐ ഉദ്യോഗസ്ഥന്‍ തനിക്കെതിരെയും റിപ്പോര്‍ട്ടില്‍ ചിലതെല്ലാം എഴുതിവയ്ക്കുകയായിരുന്നു. ഇതാണ് നമ്പി നാരായണന്‍ ഉപയോഗിച്ചത്.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ തിരുവനന്തപുരം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അതില്‍ തന്റെ പേരില്ല. പിന്നീടു ഹൈക്കോടതിയില്‍ നടത്തിയ കേസിലും തന്റെ പേരുണ്ടായിരുന്നില്ല. സിബിഐ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് തന്നെ കേസിലേക്കു വഴിച്ചിഴച്ചതാണ്. പതിനെട്ടു വര്‍ഷം തന്റെ പേരു പറയാതിരുന്ന നമ്പി നാരായണന്‍ പിന്നീട് തന്നെയും കേസിലേക്കു കൊണ്ടുവരികയായിരുന്നു.

നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനായ എസ് വിജയന്‍ ഈ കേസിന്റെ അന്വേഷണത്തില്‍ ഭാഗമേ ആയിരുന്നില്ലെന്ന് ജോഷ്വാ പറഞ്ഞു. പ്രത്യേക സംഘം കേസ് അന്വേഷിച്ച ദിവസങ്ങളില്‍ ചിക്കന്‍പോക്‌സ് പിടിപെട്ടു കിടപ്പിലായിരുന്നു വിജയന്‍. യുക്തിരഹിതവും നിരാശാജനകവുമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ജോഷ്വാ അഭിപ്രായപ്പെട്ടു. അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടര്‍നടപടിയെടുക്കുമെന്ന് ജോഷ്വാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com