പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം നിലപാട് അറിയിക്കും; ജലന്ധർ ബിഷപ്പ് വിഷയത്തിൽ സിബിസിഎെ

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനാരോപണ കേസിൽ നിലപാട് വ്യക്തമാക്കി കാത്തലിക്ക് ബിഷപ്പ് കോൺഫറൻസ്
പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം നിലപാട് അറിയിക്കും; ജലന്ധർ ബിഷപ്പ് വിഷയത്തിൽ സിബിസിഎെ

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനാരോപണ കേസിൽ നിലപാട് വ്യക്തമാക്കി കാത്തലിക്ക് ബിഷപ്പ് കോൺഫറൻസ് (സിബിസിഎെ). പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം വിഷയത്തിൽ നിലപാട് വ്യക്തമാക്കുമെന്ന് അവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബിഷപ്പിനെതിരേ നടപടി സ്വീകരിക്കാൻ സിബിസിഎെക്ക് അധികാരമില്ല. അന്വേഷണം തീർന്ന ശേഷം സഭ തീരുമാനമെടുക്കും. ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത അഭിപ്രായം പറഞ്ഞിട്ടില്ല. അതിരൂപതാ വക്താവിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും സിബിസിഎെ കൂട്ടിച്ചേർത്തു. 

നേരത്തെ അടുത്ത ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാൻ ഫ്രാങ്കോയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനായി കേരള പൊലീസ് വിളിപ്പിച്ച പശ്ചാത്തലത്തിൽ ജലന്ധര്‍ ബിഷപ്പിന്റെ ചുമതലകള്‍ കൈമാറിയാണ് ഫ്രാങ്കോ കേരളത്തിലേക്ക് എത്തുന്നത്. രൂപതയുടെ ഭരണ ചുമതല ഫാദര്‍ മാത്യു കോക്കണ്ടത്തിനാണ്. ഫാദര്‍ സുബിന്‍ തെക്കേടത്ത്, ഫാദര്‍ ജോസഫ് എന്നീ വൈദികര്‍ ഫാദര്‍ മാത്യു കോക്കണ്ടത്തിനെ സഹായിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ജലന്ധര്‍ രൂപത ബിഷപ്പ് പീഡനക്കേസില്‍ അറസ്റ്റിലായി എന്ന തരത്തില്‍ വാര്‍ത്ത വരുന്നത് സഭയ്ക്ക് തിരിച്ചടിയാണ് എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 

എല്ലാം ദൈവത്തിന് കൈമാറുന്നു എന്ന് കത്തില്‍ ഫ്രാങ്കോ സൂചിപ്പിക്കുന്നു. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടി മാത്രമാണിതെന്ന് ഫ്രാങ്കോ സൂചിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനായി കാത്തിരിക്കുന്നു എന്നും ഫ്രാങ്കോ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com