ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക ; കേരളത്തിനുള്ള സാമ്പത്തിക സഹായ വാ​ഗ്ദാനത്തിൽ യുഎഇയ്ക്ക് മനംമാറ്റം 

ദുരിതാശ്വാസ സഹായം നൽകുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതിയോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു
ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക ; കേരളത്തിനുള്ള സാമ്പത്തിക സഹായ വാ​ഗ്ദാനത്തിൽ യുഎഇയ്ക്ക് മനംമാറ്റം 

ന്യൂഡൽഹി : പ്രളയക്കെടുതിയിലായ കേരളത്തിന്റെ പുനർനിർമാണത്തിന് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കുമെന്ന് റിപ്പോർട്ട്. വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു മനംമാറ്റമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന തായ്‌ലൻഡ് കമ്പനികൾ കേരളത്തിന് ദുരിതാശ്വാസ സഹായം നൽകുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതിയോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 

തായ്‌ലൻഡ് കമ്പനികളുടെ പ്രതിനിധികൾക്കൊപ്പം ഡൽഹി കേരള ഹൗസിലെത്തി ദുരിതാശ്വാസ സഹായം കൈമാറാനുള്ള തായ് സ്ഥാനപതിയുടെ നീക്കം വിദേശകാര്യ മന്ത്രാലയം തടഞ്ഞത്. ‘ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത തായ് കമ്പനികൾ സർക്കാരിനു സഹായം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് വിനയപൂർവമുള്ള ഉപദേശം ലഭിച്ചു. ഇനി കമ്പനികൾ ഞാനില്ലാതെ മുന്നോട്ടുപോകട്ടെ.’ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്കിനെ കുറിച്ച് തായ് സ്ഥാനപതി ചുതിന്തോൺ ഗോങ്സക്തി ട്വിറ്ററിൽ കുറിച്ചിരുന്നു. 

ഈ സാഹചര്യത്തിൽ സഹായവുമായി മുന്നോട്ടുപോകുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണ് യുഎഇയുടെ വിലയിരുത്തൽ. വിദേശരാജ്യങ്ങളോടു നേരിട്ടു സഹായം സ്വീകരിക്കില്ലെന്നും ഫൗണ്ടേഷനുകൾ മുഖേനയുള്ള നടപടികൾക്ക് തടസ്സമില്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന്, യുഎഇ പ്രസിഡന്റ് നേതൃത്വം നൽകുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാനാണ് ആലോചിച്ചത്. തുടർനടപടികൾക്കായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന കേരളം സന്ദർശിക്കാനും തീരുമാനിച്ചിരുന്നു. സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് വിശദീകരിക്കുന്ന രേഖകളും യുഎഇ ശേഖരിച്ചിരുന്നു.

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലിയിൽ നിന്നു വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വിവാദം ഉടലെടുത്തു. വിദേശ സഹായം വാങ്ങില്ലെന്നാണ് 2004 മുതലുള്ള നയമെന്നും കേന്ദ്ര സർക്കാർ  നിലപാടെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com