ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ അവസാന വട്ട ഒരുക്കത്തില്‍ പൊലീസ് ; കന്യാസ്ത്രീയെ അറിയില്ലെന്ന് ധ്യാനകേന്ദ്രം ജീവനക്കാര്‍

ചോദ്യം ചെയ്യലിനായി അദ്ദേഹം ചൊവ്വാഴ്ച കേരളത്തില്‍ എത്തുമെന്നാണ് സൂചന
ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ അവസാന വട്ട ഒരുക്കത്തില്‍ പൊലീസ് ; കന്യാസ്ത്രീയെ അറിയില്ലെന്ന് ധ്യാനകേന്ദ്രം ജീവനക്കാര്‍

കോട്ടയം : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി രേഖപ്പെടുത്താനുള്ള അവസാന വട്ട ഒരുക്കത്തിലാണ് പൊലീസ്. ഫ്രാങ്കോയെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് ചോദ്യാവലി തയ്യാറാക്കുന്നത്. അടുത്ത ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പൊലീസ് ഫ്രാങ്കോയ്ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. 

ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന് ഫ്രാങ്കോ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അദ്ദേഹം ചൊവ്വാഴ്ച കേരളത്തില്‍ എത്തുമെന്നാണ് സൂചന. ചോദ്യം ചെയ്യുന്നത് എവിടെ വെച്ചായിരിക്കുമെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യലില്‍ തൃപ്തികരമല്ലെങ്കില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്നോടിയായി ഫ്രാങ്കോ കഴിഞ്ഞ ദിവസം ജലന്ധര്‍ രൂപതയുടെ ചുമതല ഒഴിഞ്ഞിരുന്നു. വികാരി ജനറല്‍ മോണ്‍ ഫാദര്‍ മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിക്കാണ് രൂപയുടെ ഭരണ ചുമതല കൈമാറിയിട്ടുള്ളത്. സംഭവത്തില്‍ വത്തിക്കാന്‍ റിപ്പോര്‍ട്ട് തേടിയതായും വാര്‍ത്തകളുണ്ട്. 

അതിനിടെ പീഡനം പുറത്തുപറയാന്‍ ധൈര്യം ലഭിച്ചത് അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ വെച്ചുള്ള ധ്യാനത്തിനിടെ ആയിരുന്നെന്നന്ന് പരാതിക്കാരിയായ കന്യാസ്ത്രീ മൊഴിയുടെ നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെത്തി മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീയെ അറിയില്ലെന്നും, ഇവിടത്തെ അച്ചന്മാരുമായി കന്യാസ്ത്രീ ഇക്കാര്യം സംസാരിച്ചതായി അറിയില്ലെന്നുമാണ് ധ്യാനകേന്ദ്രം ജീവനക്കാര്‍ അറിയിച്ചത്. അതേസമയം ഇവിടെ എത്തിയ മറ്റേതെങ്കിലും അച്ഛനുമായി കന്യാസ്ത്രീ സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. 

ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാന്‍ തന്നെയാണ് കന്യാസ്ത്രീകളുടെ തീരുമാനം. സിറോ മലബാര്‍ സഭയിലെ വൈദികരടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലെത്തിയിരുന്നു. കൂടുതല്‍ പേര്‍ സമരപന്തലിലേക്ക് പിന്തുണയുമായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് സമീപം സമരം തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com