ഉയര്‍ന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകി; കിണറുകളിലെ വെള്ളം താഴ്ന്നതിന്റെ കാരണം

പ്രളയത്തിന് പിന്നാലെ മലയാളികളെ ആശങ്കയിലാഴ്ത്തുന്ന വരള്‍ച്ചയുടെ സൂചനകളായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നത്
ഉയര്‍ന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകി; കിണറുകളിലെ വെള്ളം താഴ്ന്നതിന്റെ കാരണം

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ മലയാളികളെ ആശങ്കയിലാഴ്ത്തുന്ന വരള്‍ച്ചയുടെ സൂചനകളായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നത്. കിണറുകളിലെ വെള്ളം ക്രമാതീതമായി താഴുന്നതായിരുന്നു ആശങ്കകളില്‍ ഒന്ന്. എന്നാല്‍ കിണറുകളിലെ വെള്ളം താഴുന്നതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ വി.കുഞ്ഞമ്പു പറയുന്നു.

2017 ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഭൂഗര്‍ഭ ജലത്തില്‍ ഇത്തവണ 60 ശതമാനം കുറവുണ്ട്. എന്നാലത് കാര്യമാക്കേണ്ടതില്ലെന്ന് കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ കിണറുകളില്‍ വെള്ളം താഴുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി ഇടക്കാല പഠന റിപ്പോര്‍ട്ട് കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് കൈമാറി. 

1186 കിണറുകളിലാണ് ബോര്‍ഡ് പഠനം നടത്തിയത്. ഇവയില്‍ 688 കിണറുകളില്‍ വെള്ളം രണ്ട് മീറ്റര്‍ വരെ കുറഞ്ഞതായി കണ്ടെത്തി. എട്ട് ജില്ലകളിലെ കിണറുകളിലെ ജലനിരപ്പിലാണ് രണ്ട് മീറ്ററോളം കുറവുണ്ടായത്. പ്രളയത്തിലെ കുത്തൊഴുക്കില്‍ പുഴകളിലെ മണ്ണും മണലും ഒലിച്ചു പോയി പുഴകള്‍ മെലിഞ്ഞു. 

ഉയര്‍ന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകി. ഇതിനെ തുടര്‍ന്നാണ് നദീതട ജില്ലകളിലെ കിണറുകളില്‍ വെള്ളം കുറഞ്ഞിരിക്കുന്നത്. പുഴകളിലെ വെള്ളം ഉയരുന്നതോടെ കിണറുകളിലെ ജലനിരപ്പും സാധാരണ നിലയിലെത്തും. തുലാവര്‍ഷ മഴയോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com