കെഎസ്ആർടിസിയുടേത് ചൂഷണം ; നിലയ്ക്കൽ-പമ്പ സർവീസിന് 31 രൂപ പുനഃസ്ഥാപിക്കണമെന്ന് സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ട്

നിലയ്ക്കല്‍ മുതല്‍ പമ്പവരെ 22 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്
കെഎസ്ആർടിസിയുടേത് ചൂഷണം ; നിലയ്ക്കൽ-പമ്പ സർവീസിന് 31 രൂപ പുനഃസ്ഥാപിക്കണമെന്ന് സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ട്

പത്തനംതിട്ട : ശബരിമല നിലയ്ക്കലില്‍ നിന്ന് പമ്പവരെയുള്ള സര്‍വീസിന് കെ.എസ്. ആര്‍.ടി.സി അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സര്‍വീസിന് കുത്തക അവകാശമുള്ള കെ.എസ്. ആര്‍.ടി.സി അയ്യപ്പന്‍മാരെ ചൂഷണം ചെയ്യുകയാണ്. പഴയ നിരക്കായ 31 തന്നെ ഈടാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും  ജില്ലാ ജഡ്ജി കൂടിയായ  എം മനോജ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. 

31 രൂപയായിരുന്ന നിരക്ക് 40 ആയി വര്‍ദ്ധിപ്പിച്ചതിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നിലയ്ക്കല്‍ മുതല്‍ പമ്പവരെ 22 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ത്രിവേണിയിലെ യു ടേണ്‍വരെ നടത്തുന്ന സര്‍വീസിന് 31 രൂപയാണ് ഈടാക്കിയിരുന്നത്. ഈ നിരക്ക് പോലും അധികമാണ്. പമ്പ ഡിപ്പോ മുതല്‍ ത്രിവേണി വരെയുള്ള ഒരു കിലോമീറ്റര്‍ ദുരത്ത് മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ നിലവില്‍ പമ്പ ഡിപ്പോയിലാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. 

അയ്യപ്പന്‍മാര്‍ക്ക് തുടര്‍ന്ന് കാല്‍നടയായി വേണം ത്രിവേണിയിലെത്താന്‍. സാഹചര്യം ഇതായിരിക്കെയാണ്  നിരക്ക് 40 രൂപയായി വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ടിക്കറ്റില്‍ നിലയ്ക്കലിന് പകരം പ്ലാപ്പള്ളി വരെയുള്ള ഫെയര്‍ സ്റ്റേജാണ് കാണിക്കുന്നത്.  കെ.എസ്.ആര്‍.ടി.സി നടത്തുന്നത്  വിവേചനപരമായ ചൂഷണമാണെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തുന്നു.  ഈ സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്നും പഴയ നിരക്കായ 31 രൂപ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com