കേരള പുനർനിർമ്മാണം : ക്രൗഡ് ഫണ്ടിംഗ് രൂപരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ; മുൻഗണനേതര വിഭാഗങ്ങൾക്ക് കൂടുതൽ അരി

ഇൗ മാസം 5 കിലോ അരിയും അടുത്തമാസം 10 കിലോ അരി വീതം നൽകാനുമാണ് തീരുമാനം
കേരള പുനർനിർമ്മാണം : ക്രൗഡ് ഫണ്ടിംഗ് രൂപരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ; മുൻഗണനേതര വിഭാഗങ്ങൾക്ക് കൂടുതൽ അരി

തിരുവനന്തപുരം : പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വിഭവ സമാഹരണത്തിനായി ക്രൗഡ് ഫണ്ടിംഗ് മോഡലിന്‍റെ രൂപരേഖയ്ക്ക് മന്ത്രിസഭ യോ​ഗം അംഗീകാരം നൽകി. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, എൻ.ആർ.ഐ ഉൾപ്പെടെയുള്ളവരിൽ നിന്നും പണസമാഹരണത്തിനുള്ള രൂപരേഖയാണ് ക്രൗഡ് ഫണ്ടിംഗ്. 

മുൻഗണനേതര വിഭാഗങ്ങൾക്ക് കൂടുതൽ അരി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇൗ മാസം 5 കിലോ അരിയും അടുത്തമാസം 10 കിലോ അരി വീതം നൽകാനുമാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ വ്യവസായമന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗം ഇൗ മാസം 27ന് ചേരും.

കഴിഞ്ഞ മാസം മുപ്പതാം തിയതിയായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്നത്. മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷനാകാനുള്ള ചുമതല മന്ത്രി ഇ പി ജയരാജന് നല്‍കിയിരുന്നെങ്കിലും രണ്ടാഴ്ച്ചയായി യോഗം ചേരാത്തത് വലിയ വിവാദമായിരുന്നു. സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തിൽ മന്ത്രിസഭായോ​ഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com