താന്‍ നിരപരാധി ; കന്യാസ്ത്രീക്ക് വ്യക്തി വിരോധം, പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് ഫ്രാങ്കോ മുളയ്ക്കല്‍

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക്ക് സെല്ലില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്
ചിത്രം : ആൽബിൻ മാത്യു, എക്സ്പ്രസ്
ചിത്രം : ആൽബിൻ മാത്യു, എക്സ്പ്രസ്

കൊച്ചി : ലൈംഗിക പീഡന പരാതിയില്‍ കന്യാസ്ത്രീ പറയുന്നത് കളവെന്ന് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കേസില്‍ താന്‍ നിരപരാധിയാണ്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തി വൈരാഗ്യമുണ്ട്. ഇതിന്റെ പേരിലാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസം താന്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ല. മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട് മഠത്തില്‍ പോയിട്ടുണ്ട്. എന്നാല്‍ താന്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് ബിഷപ്പ് പറഞ്ഞു. 

ദുരുദ്ദേശത്തോടെയാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്തെത്തിയത്. പരാതിക്കാരി നേരത്തെ മഠം പിളര്‍ത്തി പുതിയ മഠം രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഈ പരാതിയില്‍ കഴമ്പില്ല. ഇത്രയും നാളുകള്‍ക്ക് ശേഷമാണ് കന്യാസ്ത്രീ പരാതിയുമായി എത്തിയതെന്നും ബിഷപ്പ് പറഞ്ഞു. 

2014 മെയ് 5 നാണ് ആദ്യ പീഡനം നടന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മെയ് 5 ന് കുറവിലങ്ങാട് പോയിട്ടുണ്ട്. എന്നാല്‍ താമസിച്ചിട്ടില്ല. മഠത്തിലെ രജിസ്റ്ററില്‍ ബിഷപ്പ് വിസിറ്റഡ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാതെ ബിഷപ്പ് സ്റ്റേയ്ഡ് എന്നല്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ മൊഴി നല്‍കി. 

കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താന്‍ താമസിച്ചിട്ടില്ല. തന്റെ ഓര്‍മ്മയില്‍ ആകെ ഒമ്പത് തവണ മാത്രമാണ് അവിടെ താമസിച്ചിട്ടുള്ളത്. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന പ്രകാരം 13 തവണ മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി. 13 തവണ ബിഷപ്പ് പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കന്യാസ്ത്രീ പരാതിയില്‍ ആരോപിച്ചിട്ടുള്ളത്. 

ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി അടക്കം ചൂണ്ടിക്കാട്ടി പൊലീസ് ഈ വാദത്തെ ഖണ്ഡിച്ചു. എന്നാല്‍ ഡ്രൈവറുടെ മൊഴി ശരിയല്ലെന്ന നിലപാടില്‍ ബിഷപ്പ് ഉറച്ചുനില്‍ക്കുകയാണ്. ബിഷപ്പിനെ ചോദ്യം ചെയ്യാനായി നൂറോളം ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു. എന്നാല്‍ ചോദ്യാവലിക്ക് അനുസരിച്ചല്ല ബിഷപ്പ് മൊഴി നല്‍കുന്നത്. മറിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ബിഷപ്പ് പറയുകയാണ് ചെയ്തത്. ഇതിനോട് അന്വേഷണ സംഘം വിയോജിപ്പ് രേഖപ്പെടുത്തി. 

ചോദ്യാവലിക്ക് അനുസരിച്ച് കൃത്യമായ മറുപടി തരണമെന്നും, ഇത് റെക്കോഡ് ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം ബിഷപ്പിനെ അറിയിച്ചു. രാവിലെ 11 മണിയോടെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള രണ്ട് സംഘമാണ്, തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക്ക് സെല്ലില്‍ വെച്ച് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. 

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച്  ഓഫീസിലെ ഹൈടെക് സെല്ലാണ് സജ്ജീകരിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും പരിശോധിക്കും. ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ്. ആദ്യ മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയില്‍ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റിലൂടെ ചോദ്യം ചെയ്യല്‍ നിരീക്ഷിക്കും.

 ഐജി വിജയ് സാഖറെ, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവരും ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ സിബി ചേനപ്പാടി, പിആര്‍ഒ പീറ്റര്‍ കാവുംപുറം എന്നിവരും ക്രൈംബ്രാഞ്ച് ഓഫീസിലുണ്ട്. 2014-16 കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു. കന്യാസ്ത്രീയുടെ രഹസ്യമൊഴിക്ക് പുറമെ നാടുകുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, വൈദ്യപരിശോധന റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടെ തെളിവുകളും വിലയിരുത്തിയിരുന്നു. കൂടാതെ അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെത്തിയും പൊലീസ് തെളിവ് ശേഖരിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com