ഓക്‌സിജന്‍ കുറഞ്ഞു, ഇ കോളിയും അമ്ലാംശവും  കൂടി; പ്രളയത്തിനു ശേഷം കിണര്‍ വെള്ളം കുടിക്കാനാവാത്ത സ്ഥിതിയില്‍

കിണറുകളിലെ വെള്ളത്തില്‍ കുടിക്കാന്‍ യോഗ്യമല്ലാത്തവിധം അമ്‌ളാംശം വര്‍ധിച്ചുവെന്നും വെള്ളത്തില്‍ അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നുമാണ് പരിശോധനയില്‍ കണ്ടെത്തി
ഓക്‌സിജന്‍ കുറഞ്ഞു, ഇ കോളിയും അമ്ലാംശവും  കൂടി; പ്രളയത്തിനു ശേഷം കിണര്‍ വെള്ളം കുടിക്കാനാവാത്ത സ്ഥിതിയില്‍

കൊച്ചി: പ്രളയദുരന്തത്തിനുശേഷം കേരളത്തിലെ മിക്ക പ്രദേശങ്ങളിലെയും കിണര്‍വെള്ളം കുടിക്കാനാകാത്തവിധമായെന്ന് പഠനം. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ 4,348 കിണറുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശേധനയിലാണ് ഈ കണ്ടെത്തല്‍. കിണറുകളിലെ വെള്ളത്തില്‍ കുടിക്കാന്‍ യോഗ്യമല്ലാത്തവിധം അമ്‌ളാംശം വര്‍ധിച്ചുവെന്നും വെള്ളത്തില്‍ അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല(കുഫോസ്)യിലെ  'സോയില്‍ ആന്‍ഡ് വാട്ടര്‍ അനാലിസിസ് ലാബില്‍' ആണ് പരിശോധന നടന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയ കാലടി, നെടുമ്പാശ്ശേരി, ആലുവ മേഖലകളില്‍ അമ്‌ളാംശം വളരെ കൂടുതലാണെന്ന് ഗവേഷകസംഘം കണ്ടെത്തി. 90 ശതമാനം കിണറുകളിലെ വെള്ളത്തിലും അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് മൈക്രോ ബയോളജി പരിശോധനാ ഫലത്തില്‍ തെളിഞ്ഞത്. ജലസ്രോതസ്സുകളില്‍ വന്‍തോതില്‍ വിസര്‍ജന മാലിന്യം കലര്‍ന്നിട്ടുണ്ടെന്നും ബാക്ടീരിയ പരിശോധനയില്‍ വ്യക്തമായി.  

കിണര്‍ വെള്ളത്തിലെ ചെളിയുടെ തോത് ശരാശരി 30 ശതമാനത്തോളം വര്‍ധിച്ചതും ഓക്‌സിജന്റെ അളവ് പരിധിയില്ലാതെ താഴ്ന്നതും കിണര്‍വെള്ളം കുടിവെള്ളയോഗ്യമല്ലാതാക്കിയെന്ന് ഗവേഷകര്‍ പറയുന്നു. ഒരു ലിറ്റര്‍ കുടിവെള്ളത്തില്‍ നാല് മില്ലിഗ്രാം ഓക്‌സിജന്‍ വേണ്ടതാണെങ്കിലും പരിശോധിച്ച മിക്ക സാമ്പിളുകളിലും ഓക്‌സിജന്റെ അളവ് ഇതിലും വളരെ കുറവാണെന്ന് ഗവേണത്തിന് നേതൃത്വം നല്‍കിയ കെമിക്കല്‍ ഓഷ്യനോഗ്രാഫി വിഭാഗം അധ്യാപിക ഡോ. അനു ഗോപിനാഥന്‍ പറഞ്ഞു. 

ജലജന്യരോഗങ്ങള്‍ പടരാന്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം നന്നായി ശുദ്ധീകരിച്ച ശേഷം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ എന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കിണറുകളില്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി വെള്ളം ശുദ്ധീകരിക്കണമെന്നും ഫില്‍ട്ടര്‍ ചെയ്ത ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നും ഗവേഷകര്‍ പറയുന്നു. പരമ്പരാഗത രീതിയില്‍ കഴുകിയ മണലും ചിരട്ടക്കരിയും ചേര്‍ത്ത മിശ്രിതം കിഴികെട്ടി ആഴ്ചയില്‍ നാലു ദിവസം എന്ന തോതില്‍ വെള്ളത്തില്‍ താഴ്ത്തി കിണര്‍വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്ന രീതിയും ഫലപ്രദമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com