പതിനായിരം വാങ്ങിയത് ഒരേ വീട്ടില്‍നിന്ന് രണ്ടും മൂന്നും പേര്‍; കര്‍ശന നടപടി, പണം തിരിച്ചുപിടിക്കും

പതിനായിരം വാങ്ങിയത് ഒരേ വീട്ടില്‍നിന്ന് രണ്ടും മൂന്നും പേര്‍; കര്‍ശന നടപടി, പണം തിരിച്ചുപിടിക്കും

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാറുമാരോട് എറണാകുളം ജില്ല കളക്റ്റര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കി

കൊച്ചി: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസധനം നല്‍കാനുള്ള പട്ടികയില്‍ കയറിപ്പറ്റിയിരിക്കുന്നത് 2300 അനര്‍ഹര്‍. ഓരോ വീട്ടില്‍ നിന്നും രണ്ടോ മൂന്നോ പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാറുമാരോട് എറണാകുളം ജില്ല കളക്റ്റര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കി. 

കളക്റ്ററുടെ ഫേയ്‌സ്ബുക്ക് പേജിലും ജില്ല ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലുമായി ലഭിച്ചിട്ടുള്ള പരാതികളില്‍ നിന്നാണ് അനര്‍ഹര്‍ കടന്നു കൂടിയതായി കണ്ടെത്തിയത്. 4000 ത്തോളം പരാതികളാണ് ഇത്തരത്തില്‍ വന്നത്. ചിലര്‍ റേഷന്‍ കാര്‍ഡ് നഷ്ടമായെന്ന് പറഞ്ഞതിനാല്‍ ഒത്തുനോക്കാന്‍ കഴിയാത്തതിനാലാണ് അനര്‍ഹര്‍ പട്ടികയില്‍ കടന്നുകൂടിയത്. പിന്നീട് മൊബൈല്‍ ഫോണ്‍ നമ്പര്‍ വഴിയും വിലാസം വഴിയും അന്വേഷിച്ചപ്പോഴാണ് ഇത് മനസിലായത്. ഇത്തരക്കാരെ ഒഴിവാക്കി തുക തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. 

മാനദണ്ഡത്തിന് പുറത്തുള്ളവരും നഷ്ടപരിഹാര പട്ടികയില്‍ കടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതും പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. അനര്‍ഹരായ ഒരാള്‍ക്ക് പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു. ധനസഹായത്തിന് അര്‍ഹരായവര്‍ ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലോ ജില്ല കളക്റ്ററുടെ ഫേയ്‌സ്ബുക്ക് പേജിലോ പരാതിപ്പെടാം. ധനസഹായം ലഭിക്കാത്തവര്‍ രേഖകള്‍ സഹിതം ഹാജരാകണമെന്ന വാര്‍ത്ത തെറ്റാണെന്ന് കളക്റ്റര്‍ വ്യക്തമാക്കി. 10 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് പണം ലഭിക്കാത്തത്. ബാങ്ക് അക്കൗണ്ട് നല്‍കിയതിലെ പിഴവാണ് അതിന് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com