പ്രളയത്തിന് പിന്നാലെ കടുത്ത ചൂട്, ഉള്‍നാടന്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു; ചെളിയില്‍ മത്സ്യങ്ങള്‍ ജീവനുവേണ്ടി പിടയ്ക്കുന്നത് പതിവ് കാഴ്ച 

പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ നെല്‍വയലുകളും ജലാശയങ്ങളും വറ്റി വരണ്ട് ഉള്‍നാടന്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ നെല്‍വയലുകളും ജലാശയങ്ങളും വറ്റി വരണ്ട് ഉള്‍നാടന്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു. ഇതില്‍ പലതും വംശനാശം സംഭവിക്കുന്ന അവസ്ഥയിലാണ്. കുറുവ, കൈപ്പ, ചുട്ടിപ്പരല്‍, വരാല്‍ തുടങ്ങിയ നിരവധി ഇനം ഉള്‍നാടന്‍ മത്സ്യങ്ങളാണ് ചത്തൊടുങ്ങുന്നത്. പള്ളത്തി, നാടന്‍ മുഷി പോലുള്ളവ ഏറെക്കുറെ വംശനാശത്തിലേക്ക് എത്തിയതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

തൃശൂരിലെ മാള അടക്കമുളള പ്രദേശങ്ങളിലാണ് ഉള്‍നാടന്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നത്. വരാല്‍, കല്ലട, മുതുക്കി, കുറുവ എന്നീ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ക്ക് വന്‍വിപണി സാദ്ധ്യതയുള്ളതാണ്. ജൂണ്‍ മാസത്തില്‍ മുട്ടയിട്ട് വിരിഞ്ഞ കുഞ്ഞുങ്ങളാണ് നെല്‍വയലുകള്‍ വറ്റി വരണ്ടതോടെ ചത്തൊടുങ്ങിയത്. സെപ്റ്റംബര്‍ മാസം പതിവായി ലഭിക്കുന്ന മഴയില്‍ കുറവുണ്ടായതാണ് ഇതിന് കാരണം. മുന്‍ വര്‍ഷം ഈ സമയം മികച്ച മഴ ലഭിച്ച സ്ഥാനത്ത് ശരാശരിയിലും വളരെ താഴെയാണ് ഇതുവരെ ലഭിച്ച മഴ. 

എക്കാലവും ഉള്‍നാടന്‍ മത്സ്യസമ്പത്തിനെ സംരക്ഷിക്കാന്‍ വെള്ളമുണ്ടായിരുന്ന നെല്‍വയലുകളും ജലാശയങ്ങളുമാണ് വറ്റിയത്. നെല്‍വയലുകളിലെ തടത്തില്‍ അവശേഷിക്കുന്ന ചെളിയില്‍ മത്സ്യങ്ങള്‍ ജീവനുവേണ്ടി പിടയ്ക്കുന്ന കാഴ്ച ദൃശ്യമാണ്.

കന്നിമാസത്തില്‍ കൈയിലാണ് മീന്‍ എന്നാണ് നാട്ടറിവ്. തോന്നാന്‍ വാല, കാരി, കല്ലട, കുറുവ തുടങ്ങിയ മത്സ്യങ്ങള്‍ കൂടുവച്ചും, വെട്ടിട്ടും, ചൂണ്ട മുഖേനയും പിടിക്കുന്ന സമയമാണിത്. സാധാരണ പാടങ്ങളിലും, കോള്‍നിലങ്ങളിലും ഒരു നിശ്ചിത അളവ് വെള്ളം നിറുത്തിയിട്ടാണ് കാലവര്‍ഷം പിന്‍വാങ്ങുക. കാലവര്‍ഷാരംഭത്തില്‍ മുട്ടയിട്ടു വിരിഞ്ഞു വന്ന കുഞ്ഞുങ്ങള്‍ ഇപ്പോള്‍ വളര്‍ച്ചയുടെ പ്രധാന ഘട്ടം പിന്നിട്ട നിലയിലാണ്. അവര്‍ തുലാവര്‍ഷത്തിന് മുമ്പായി നെല്‍പ്പാടങ്ങളില്‍ നിന്നിറങ്ങും. ഇതിനെ ചില നാട്ടില്‍ കുളിരിറക്കം എന്ന് പറയാറുമുണ്ട്.

ശുദ്ധജല മത്സ്യങ്ങളുടെ ജീവിതചക്രം കാലവര്‍ഷത്തിനെയും തുലാവര്‍ഷത്തെയും ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. വരും കാലങ്ങളില്‍ ശുദ്ധജലമത്സ്യ ഉത്പാദനത്തെ തന്നെ ബാധിച്ചേക്കാവുന്ന ദുരന്തമാണ് മുന്നില്‍ കാണുന്നതെന്ന് ഗവേഷകന്‍ ഡോ  സി പി ഷാജി പറഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com