വെളളമുണ്ട ഇരട്ടക്കൊലപാതകം: വിശ്വനാഥന്‍ നാട്ടുകാരുടെ പേടിസ്വപ്നം, അധികമാരോടും സംസാരിക്കാത്ത പ്രകൃതം, ചെറുപ്പം മുതലേ മോഷണം ലഹരി 

നവദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി വിശ്വനാഥന്‍ സ്വദേശമായ കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ സ്വദേശികളുടെ പേടിസ്വപ്നം
വെളളമുണ്ട ഇരട്ടക്കൊലപാതകം: വിശ്വനാഥന്‍ നാട്ടുകാരുടെ പേടിസ്വപ്നം, അധികമാരോടും സംസാരിക്കാത്ത പ്രകൃതം, ചെറുപ്പം മുതലേ മോഷണം ലഹരി 

കല്‍പ്പറ്റ: വയനാട്ടില്‍ ഏറെ വിവാദമായ വെള്ളമുണ്ടയിലെ നവദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി വിശ്വനാഥന്‍ സ്വദേശമായ കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ സ്വദേശികളുടെ പേടിസ്വപ്നം. അധികമാരോടും സംസാരിക്കാത്ത പ്രകൃതമാണു വിശ്വന്. തലതാഴ്ത്തി മുണ്ടു മടക്കിക്കുത്തി വേഗത്തില്‍ നടന്നുപോകും. രാത്രിയില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്ന വീടുകളില്‍ കയറി ഒളിഞ്ഞുനോക്കും. ഇതിനിടയില്‍ മോഷണവും നടത്തും. ഇടക്കാലത്തു വിദേശത്തു പോയ വിശ്വനാഥന്‍ വീണ്ടും നാട്ടില്‍ തിരിച്ചു വന്നു മോഷണവും മറ്റും തുടങ്ങി. ഇതോടെ, വിശ്വനെക്കൊണ്ടുള്ള പൊല്ലാപ്പ് രൂക്ഷമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

മോഷണത്തിനിടെ ഒട്ടേറെത്തവണ ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് നാട്ടുകാരുടെ മര്‍ദനത്തില്‍ വിശ്വന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അടി കിട്ടി തല പൊട്ടിയ വിശ്വനു തലയില്‍ തുന്നിക്കെട്ടിടേണ്ടിവന്നു. ഒരിക്കല്‍ മോഷണത്തിനിറങ്ങിയതിനിടെ കിണറ്റില്‍ വീണും വിശ്വനു പരുക്കേറ്റു. എന്നിട്ടും മോഷണത്തിനും സ്ത്രീകളടക്കമുള്ളവരെ ശല്യം ചെയ്യുന്നതിലും കുറവുണ്ടായില്ലെന്ന് പൊലീസ് പറയുന്നു.

ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തിയതിനെക്കുറിച്ചും ഒട്ടേറെ പരാതികള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ മോഷണം വിശ്വന് ലഹരിയായിരുന്നുവെന്നു പൊലീസ് പറയുന്നു. തെളിവെടുപ്പിനായി വിശ്വന്റെ വീട്ടില്‍ പോലീസുകാരെത്തിയപ്പോള്‍ ഇയാളുടെ ദുഷ്‌കൃത്യങ്ങളില്‍ മനംനൊന്തു കരഞ്ഞുതളര്‍ന്നിരിക്കുന്ന മാതാവിനെയും കുടുംബാംഗങ്ങളെയുമാണു കണ്ടത്.

ജൂലായ് ആറിനാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കൃത്യം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് വിശ്വനാഥന്‍ പൊലീസ് പിടിയിലാകുന്നത്.  കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ കൊലപാതക, മോഷണക്കേസുകളില്‍ പെട്ടവരെ കുറിച്ചുള്ള അന്വേഷണവും ജില്ലാ ജയിലുകള്‍, സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയവരെ കുറിച്ചുള്ള അന്വേഷണവുമാണ് പൊലീസിനെ വിശ്വനിലേക്കെത്തിച്ചത്.ഇയാള്‍ മുമ്പും ഇത്തരം കേസുകളില്‍ പെട്ടിരുന്നുവെന്ന് കണ്ടതോടെ അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com