കോണ്‍ഗ്രസിലും ബിജെപിയിലും ഒരുപോലെ സ്വാധീനം; അധികാരവും ആര്‍ഭാടവും നിറഞ്ഞ ജീവിതം; അവസാനം കൈവിലങ്ങ്

സഭയിലും സമൂഹത്തിലും അധികാരകേന്ദ്രങ്ങളുമായി അടുത്ത ബന്ധം, പ്രമുഖരുമായി എപ്പോഴും വ്യക്തിബന്ധം, പഞ്ചാബിലെ രാഷ്ട്രീയ നേതൃത്വം വണങ്ങി നില്‍ക്കുന്ന സഭാമേലധികാരി...
കോണ്‍ഗ്രസിലും ബിജെപിയിലും ഒരുപോലെ സ്വാധീനം; അധികാരവും ആര്‍ഭാടവും നിറഞ്ഞ ജീവിതം; അവസാനം കൈവിലങ്ങ്

ഭയിലും സമൂഹത്തിലും അധികാരകേന്ദ്രങ്ങളുമായി അടുത്ത ബന്ധം, പ്രമുഖരുമായി എപ്പോഴും വ്യക്തിബന്ധം, പഞ്ചാബിലെ രാഷ്ട്രീയ നേതൃത്വം വണങ്ങി നില്‍ക്കുന്ന സഭാമേലധികാരി...അങ്ങനെ പോകുന്നു പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീന വലയം.

ജലന്ധര്‍രൂപതയിലെ ഒരുലക്ഷത്തോളം വരുന്ന കത്തോലിക്കാവിശ്വാസികള്‍ പഞ്ചാബിലെ  നാലുനിയമസഭാമണ്ഡലങ്ങളില്‍ നിര്‍ണായകശക്തിയാണ്. അതുകൊണ്ടുതന്നെ പഞ്ചാബിലെ രാഷ്ട്രീയനേതൃത്വം  എന്നും ഫ്രാങ്കോയെ വണങ്ങിനിന്നു. ജലന്ധര്‍ രൂപതാ വൈദികനെന്ന നിലയില്‍ പഠന കാലത്തുതന്നെ അവിടെ പ്രമുഖരുമായി ബന്ധങ്ങളുണ്ടാക്കാന്‍ ഫ്രാങ്കോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രൂപതയ്ക്കുകീഴിലുള്ള നാല്പതോളം സ്‌കൂളുകളില്‍ പലതിലും സമൂഹത്തിലെ ഏറ്റവും ഉന്നതരുടെ മക്കളാണ്  പഠിക്കുന്നത്. ഈബന്ധങ്ങളും തന്റെ സ്വാധീനശേഷി  വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടുത്തി. സിഖ് സമുദായവുമായി സൗഹാര്‍ദം പുലര്‍ത്തിയിരുന്ന ഫ്രാങ്കോ, സുവര്‍ണക്ഷേത്രത്തിലും മറ്റും സന്ദര്‍ശനം നടത്തുകയും ഗുരുനാനാക്കിന്റെ ആശയങ്ങളെക്കുറിച്ച്  പ്രസംഗിക്കുകയുംചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്  അവിടെ ഏറെ ആദരവ് നേടിക്കൊടുത്തു.

കോണ്‍ഗ്രസുമായും ബിജെപിയുമായും ഒരുപോലെ ബന്ധം സ്ഥാപിക്കാന്‍ ഫ്രാങ്കോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2009ല്‍ ഡല്‍ഹി സഹായമെത്രാനായതോടെ രാഷ്ട്രീയ ബന്ധങ്ങള്‍കൂടി. തൃശ്ശൂരുനിന്നുള്ള കോണ്‍ഗ്രസിലെ  ഉന്നതനേതാവ് ഫ്രാങ്കോയുടെ അടുത്ത സുഹൃത്തായിരുന്നു. ഇതുവഴി കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവരുമായിവരെ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.

വത്തിക്കാനിലും ഫ്രാങ്കോയ്ക്ക് നിര്‍ണായകസ്വാധീനമുണ്ട്.  അവിടെ അല്‍ഫോണ്‍സ അക്കാദമിയില്‍നിന്ന് മോറല്‍ തിയോളജിയിലാണ് ഡോക്ടറേറ്റെടുത്തത്. ഇക്കാലത്ത് വത്തിക്കാനിലെ ചില കര്‍ദിനാള്‍മാരുടെ  മാനസപുത്രനാകാന്‍ കഴിഞ്ഞതാണ് മറ്റുപലരെയും മറികടന്ന് ഡല്‍ഹി സഹായമെത്രാനാകാനും വൈകാതെ ജലന്ധര്‍ ബിഷപ്പാകാനും ഫ്രാങ്കോയെ തുണച്ചതെന്ന് ആരോപണമുണ്ട്. 

അമിത ആര്‍ഭാട ജീവിതം നയിച്ചിന്ന വ്യക്തി കൂടിയായിരുന്നു ഫ്രാങ്കോ. സാധാരണ മിഷന്‍ രൂപതകളില്‍നിന്ന് വ്യത്യസ്തമായി  ജലന്ധറിന് സ്വത്തും സ്ഥാപനങ്ങളുമുണ്ട്. സമ്പത്ത് ആര്‍ജിക്കുന്നതിനുള്ള അവസരങ്ങള്‍ ഫ്രാങ്കോ പ്രയോജനപ്പെടുത്തി. ജലന്ധറില്‍ വ്യവസായസംരംഭങ്ങള്‍ വരെ തുടങ്ങി. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും  തത്പരനായ ബിഷപ്പ് ഭൂരിഭാഗം വിശ്വാസികളുടെയും പ്രിയപ്പെട്ടവനായിരുന്നു.  സഭാപിതാക്കന്‍മാരടക്കമുള്ളവരുമായി അടുപ്പമുണ്ടാക്കി. 

ജലന്ധറിലെ മറ്റു സന്ന്യാസ സഭകളില്‍പ്പെട്ട വൈദികര്‍ ഫ്രാങ്കോയുമായി  അടുപ്പത്തിലായിരുന്നില്ല. അതിരൂപത നടത്താന്‍ ഏല്‍പ്പിച്ചിരുന്ന സ്ഥാപനങ്ങള്‍ പല സഭകളില്‍നിന്നും ബിഷപ്പ് തിരിച്ചുപിടിക്കുകയും സ്വന്തം മേല്‍നോട്ടത്തിലാക്കുകയും ചെയ്തു. കൂടാതെ,  ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് എന്ന സഭ സ്ഥാപിച്ച് അതിനായി സ്വത്ത് ആര്‍ജിക്കുന്നതില്‍ ശ്രദ്ധവെച്ചു. മറ്റുസഭകളില്‍നിന്ന് പുറത്താക്കിയ  വൈദികരടക്കമുള്ളവരെ ഫ്രാങ്കോ തന്റെ സഭയില്‍ ചേര്‍ത്തു. ജലന്ധര്‍ രൂപതയിലെതന്നെ സീനിയര്‍ വൈദികരില്‍ പലരും ഫ്രാങ്കോയുടെ നടപടികളില്‍ അസ്വസ്ഥരായിരുന്നു. തൃശ്ശൂര്‍ മറ്റത്തെ തന്റെ ഇടവകയിലും നാട്ടിലും ബിഷപ്പ് ഏറെ സ്വീകാര്യനായിരുന്നു. സേവനമേഖലകളില്‍  കൈയയച്ച് സംഭാവന ചെയ്തിരുന്ന ഫ്രാങ്കോ, കുറേപ്പേര്‍ക്ക് ജലന്ധറില്‍ ജോലിലഭ്യമാക്കുകയുംചെയ്തു.

 കന്യാസ്ത്രീയുടെ പീഡനാരോപണത്തെ സ്വാധീനവും അധികാരവും ഉപയോഗിച്ച് ഇല്ലാതാക്കാന്‍ കഴിയുമെന്ന അമിത വിശ്വാസമാണ് ഫ്രാങ്കോയ്ക്ക് വിനയായതെന്ന് ജലന്ധറില്‍നിന്നുള്ള വൈദികര്‍തന്നെ പറയുന്നു. തുടക്കത്തില്‍ ജലന്ധറില്‍നിന്ന് വലിയ പിന്തുണ ലഭിച്ചെങ്കിലും കേസ് ശക്തമായതോടെ വേണ്ടപ്പെട്ടവര്‍ കൈയൊഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com