പുതിയ വെള്ളച്ചാട്ടങ്ങള്‍,കയങ്ങള്‍, ഉയര്‍ന്ന അമ്ലാംശം: പ്രളയാനന്തരം പെരിയാറിന് സംഭവിച്ചത് വലിയ മാറ്റം

മഹാപ്രളയം പെരിയാറ്റിലും തീരത്തും ജൈവവൈവിധ്യങ്ങളില്‍ സാരമായ മാറ്റം വരുത്തിയെന്ന് പഠനം
പുതിയ വെള്ളച്ചാട്ടങ്ങള്‍,കയങ്ങള്‍, ഉയര്‍ന്ന അമ്ലാംശം: പ്രളയാനന്തരം പെരിയാറിന് സംഭവിച്ചത് വലിയ മാറ്റം

കൊച്ചി: മഹാപ്രളയം പെരിയാറ്റിലും തീരത്തും ജൈവവൈവിധ്യങ്ങളില്‍ സാരമായ മാറ്റം വരുത്തിയെന്ന് പഠനം. സെന്‍ട്രല്‍ ഇന്‍ലന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സി.ഐ.എഫ്.ആര്‍.ഐ.) നടത്തിയ പഠനത്തിലാണ് ഈ മാറ്റങ്ങള്‍ കണ്ടെത്തിയത്. പെരിയാറിലെ വെള്ളത്തില്‍ അമ്ലഗുണം കൂടി. തദ്ദേശീയ മത്സ്യങ്ങള്‍ക്ക് ഭീഷണിയായ ആഫ്രിക്കന്‍ മുഷി അടക്കമുള്ള വിവിധ മത്സ്യങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. ആഫ്രിക്കന്‍ മുഷി അടക്കമുള്ളവ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍നിന്ന് പുറത്തുചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുടര്‍പഠനം നടത്തുന്നതിനാവശ്യമായ സാമ്പിളും വിവരങ്ങളും ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നു കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും.

മത്സ്യലഭ്യതയിലുണ്ടായ മാറ്റങ്ങള്‍, ഇത് മത്സ്യത്തൊഴിലാളികളെ എങ്ങനെ ബാധിച്ചെന്ന വിവരങ്ങളും സംഘം തേടി. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്, അഞ്ചുരുളി, ചപ്പാത്ത്, കറുപ്പുപാലം, വണ്ടിപ്പെരിയാര്‍, ചന്ദ്രവനം, മ്ലാമല, കീരിക്കര, പൂണ്ടിക്കുളം, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്.

പ്രളയത്തിന് മുന്‍പും അതിനുശേഷവും മത്സ്യലഭ്യതയിലുണ്ടായ മാറ്റങ്ങള്‍, മത്സ്യങ്ങളുടെ തൂക്കത്തില്‍ മാറ്റമുണ്ടായോ പുതിയയിനം മീനുകളെയും രോഗങ്ങളുള്ള മീനുകളെയും ലഭിക്കുന്നുണ്ടോ എന്നു തുടങ്ങിയ കാര്യങ്ങളും മത്സ്യത്തൊഴിലാളികളില്‍നിന്ന് ചോദിച്ചറിഞ്ഞു.

പെരിയാറിന്റെ തീരങ്ങളില്‍ പുതുതായി രൂപപ്പെട്ട ചെറുകയങ്ങള്‍, മടക്കുകള്‍, ചെറിയ വെള്ളച്ചാട്ടങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു. തുടര്‍പഠനത്തിനായി ജലത്തിന്റെയും അടിത്തട്ടിലെ മണ്ണിന്റെയും എക്കലിന്റെയും പ്ലവകങ്ങളുടെയും സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

ശാസ്ത്രജ്ഞരായ ദീപ സുധീശന്‍, തങ്കം തെരേസ പോള്‍, ടെക്‌നിക്കന്‍ ഓഫീസര്‍ മനോഹരന്‍, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com