രക്ഷാ ദൗത്യത്തിന് ഇനിയും മണിക്കൂറുകള്‍; അഭിലാഷ് ടോമിയെ ഇന്ന് ഇന്ത്യയിലെത്തിക്കുമെന്ന് നാവികസേന

ഇന്ത്യന്‍ കപ്പലിന് അടുത്ത വെള്ളിയാഴ്ചയോടെ മാത്രമേ ഓസ്‌ട്രേലിയന്‍ തീരത്ത് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ഈ സ്ഥിതി കണക്കിലെടുത്ത് ഓസ്‌ട്രേലിയന്‍ കപ്പലില്‍ ഇന്ത്യന്‍ തീരത്തേക്ക് അഭിലാഷിനെ എത്തിക്കാനാണ്
രക്ഷാ ദൗത്യത്തിന് ഇനിയും മണിക്കൂറുകള്‍; അഭിലാഷ് ടോമിയെ ഇന്ന് ഇന്ത്യയിലെത്തിക്കുമെന്ന് നാവികസേന


സിഡ്‌നി: പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന്
ഇന്ത്യയിലെത്തിക്കുമെന്ന് നാവിക സേന. ഫ്രഞ്ച് നാവികസേനയുടെ സഹായത്തോടെ 16 മണിക്കൂറുകള്‍ക്കുള്ളില്‍ അഭിലാഷിനെ രക്ഷപെടുത്തി ഇന്ത്യയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.

ഫ്രഞ്ച് കപ്പല്‍ അഭിലാഷിനടുത്തേക്ക് 16 മണിക്കൂറ് കൊണ്ട് എത്തിച്ചേരുമെന്നാണ് നാവികസേന അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ കപ്പലിന് അടുത്ത വെള്ളിയാഴ്ചയോടെ മാത്രമേ ഓസ്‌ട്രേലിയന്‍ തീരത്ത് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ഈ സ്ഥിതി കണക്കിലെടുത്ത് ഓസ്‌ട്രേലിയന്‍ കപ്പലില്‍ ഇന്ത്യന്‍ തീരത്തേക്ക് അഭിലാഷിനെ എത്തിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്.

ഉച്ചയോടെ ഇന്ത്യന്‍ നാവികസേനയുടെ പി8ഐ വിമാനം അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയിരുന്നു. തകര്‍ന്ന നിലയിലുള്ള വഞ്ചിയുടെ ചിത്രങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടിരുന്നു. പത്തടിയോളം ഉയരത്തില്‍ തിരമാലകളടിക്കുന്നതിനാല്‍ രക്ഷാദൗത്യ സംഘത്തിന് പായ് വഞ്ചിയുടെ അടുത്തേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 
ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍ നിന്ന് മൂവായിരത്തിലേറെ കിലോമീറ്റര്‍ അകലെയാണ് അഭിലാഷ് ടോമിയെ കണ്ടെത്തിയത്. 


 ഐഎന്‍എസ് സത്പുര, ഐഎന്‍എസ് ജ്യോതി, എച്ച്എംഎ ബല്ലറാത്ത് എന്നീ കപ്പലുകള്‍ക്ക് പുറമേ ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
 പായ് വഞ്ചി തകര്‍ന്നതിനെ തുടര്‍ന്ന് താഴെ വീണതോടെയാണ് അഭിലാഷിന്റെ നടുവിന് പരിക്കേറ്റത്. സഹായമഭ്യര്‍ത്ഥിച്ചുള്ള അപായ സന്ദേശം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദെലോന്‍ തുറമുഖത്ത് നിന്നുമാണ് മത്സരം ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com