സമരത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ നുഴഞ്ഞ് കയറി: തെരുവില്‍ പ്രക്ഷോഭം നടക്കുന്നോ എന്നു നോക്കിയല്ല പ്രതികളെ അറസ്റ്റു ചെയ്യുന്നത്: കോടിയേരി

കന്യാസ്ത്രീകളുടെ സമരത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ നുഴഞ്ഞ് കയറിയെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സമരത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ നുഴഞ്ഞ് കയറി: തെരുവില്‍ പ്രക്ഷോഭം നടക്കുന്നോ എന്നു നോക്കിയല്ല പ്രതികളെ അറസ്റ്റു ചെയ്യുന്നത്: കോടിയേരി

കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ നുഴഞ്ഞ് കയറിയെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സദുദ്ദേശ്യത്തോടെ നാലു കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ആ സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് കോടിയേരി പറയുന്നത്. 

സര്‍ക്കാരിനെതിരായ എല്ലാ സമരത്തിലും എത്തുന്ന ഇവര്‍ ഒരു മൊബൈല്‍ സമരവേദിയായി മാറിയിട്ടുണ്ട്. സര്‍ക്കാരിനെയും സിപിഎമ്മിനെയും താറടിക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാവുന്നു. അത് ഇക്കാര്യത്തിലും ഉണ്ടായിട്ടുണ്ട്. അഴീക്കോടന്‍ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു സിപിഎം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'തെരുവില്‍ പ്രക്ഷോഭം നടക്കുന്നോ എന്നു നോക്കിയല്ല പ്രതികളെ അറസ്റ്റു ചെയ്യുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഓരോ ദിവസത്തെയും അന്വേഷണ പുരോഗതി പരസ്യപ്പെടുത്തുന്ന രീതി ഈ സര്‍ക്കാരിനില്ല. അറസ്‌റ്റോടു കൂടി കന്യാസ്ത്രീകള്‍ക്ക് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിരിക്കാം'- കോടിയേരി പറഞ്ഞു.

'കന്യാസ്ത്രീകളെ ഉപയോഗപ്പെടുത്തിയുള്ള സമരകോലാഹലങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു തന്നെയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു എംഎല്‍എക്കെതിരെ മാനഭംഗക്കേസ് ഉയര്‍ന്നു. ഒരു ഡസന്‍ നേതാക്കള്‍ക്കെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയര്‍ന്നു. അന്നൊന്നും കന്യാസ്ത്രീകള്‍ക്കൊപ്പം സമരത്തിനിറങ്ങിയവരെ കാണാതിരുന്നതെന്തേ'- കോടിയേരി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com