പൊലീസ് വ്യാജതെളിവ് ഉണ്ടാക്കുന്നു, ജയിലിൽ പോയാൽ ജീവന് ഭീഷണി ; ജാമ്യം തേടി ഫ്രാങ്കോ ഹൈക്കോടതിയിൽ

കസ്റ്റഡിയില്‍ വെച്ച് തന്റെ വസ്ത്രങ്ങള്‍ അന്വേഷണ സംഘം ബലമായി ഊരിവാങ്ങി. ഇത് കൃത്രിമമായി തെളിവ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ്
പൊലീസ് വ്യാജതെളിവ് ഉണ്ടാക്കുന്നു, ജയിലിൽ പോയാൽ ജീവന് ഭീഷണി ; ജാമ്യം തേടി ഫ്രാങ്കോ ഹൈക്കോടതിയിൽ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്നും, താന്‍ നിരപരാധിയാണെന്നും ജാമ്യാപേക്ഷയില്‍ ബിഷപ്പ് ഫ്രാങ്കോ വ്യക്തമാക്കി. തെറ്റായ രാഷ്ട്രീയ തെളിവുകള്‍ സംഘടിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കൃത്രിമ തെളിവുകള്‍ ശേഖരിക്കുകയാണ്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കെയാണ് അറസ്റ്റ് ചെയ്തത്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. 

കസ്റ്റഡിയില്‍ വെച്ച് തന്റെ വസ്ത്രങ്ങള്‍ അന്വേഷണ സംഘം ബലമായി ഊരിവാങ്ങി. ഇത് കൃത്രിമമായി തെളിവ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ്. തനിക്ക് അതികഠിനമായ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപരമായ അവശതകളുണ്ട്. ഈ സാഹചര്യത്തില്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യരുത്. ജയിലില്‍ അടച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതിനാല്‍ കസ്റ്റഡി കാലാവധി നീട്ടരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും. 

അതേസമയം കസ്റ്റഡി കാലാവധി ഉച്ചയ്ക്ക് 2.30 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിനെ ഉച്ചയ്ക്ക് പാല മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. ബിഷപ്പിന്റെ കസ്റ്റഡി നീട്ടിനല്‍കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടേക്കില്ലെന്ന് സൂചന. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. എന്നാല്‍ ജാമ്യം നല്‍കരുതെന്നും, സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുള്ള സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വിടണമെന്നും പോലീസ് ആവശ്യപ്പെടും. 

തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും ബിഷപ്പ് സഹകരിക്കാത്ത സാഹചര്യ്തതില്‍ നുണ പരിശോധന നടത്തണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. കൂടാതെ ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധന നടത്തേണ്ട കാര്യവും അന്വേഷണ സംഘം ഉന്നയിക്കും. അതിനിടെ ഫ്രാങ്കോ മുളയ്ക്കലിലെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ കോടതി ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

പോലീസ് അന്വേഷണം സ്വതന്ത്രമായി നടക്കട്ടേയെന്നും ചീഫ് ജസറ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com