'പൊതുസമൂഹത്തിൽ എം എൽഎയ്ക്ക്‌ ഇപ്പോൾത്തന്നെ വേണ്ട ശിക്ഷകിട്ടി' ; പികെ ശശിക്കെതിരായ മൊഴി മാറ്റിക്കാൻ മന്ത്രിയുടെ വകുപ്പിലെ ഉന്നതൻ രം​ഗത്ത്, സിപിഎമ്മിൽ വിവാദം

പി.കെ. ശശി എംഎൽഎക്കെതിരായ ലൈം​ഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിമാറ്റിക്കാൻ ശ്രമം
'പൊതുസമൂഹത്തിൽ എം എൽഎയ്ക്ക്‌ ഇപ്പോൾത്തന്നെ വേണ്ട ശിക്ഷകിട്ടി' ; പികെ ശശിക്കെതിരായ മൊഴി മാറ്റിക്കാൻ മന്ത്രിയുടെ വകുപ്പിലെ ഉന്നതൻ രം​ഗത്ത്, സിപിഎമ്മിൽ വിവാദം


പാലക്കാട്: പി.കെ. ശശി എംഎൽഎക്കെതിരായ ലൈം​ഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിമാറ്റിക്കാൻ ശ്രമം. വിഷയം അന്വേഷിക്കാൻ പാർട്ടി നിയോ​ഗിച്ച അന്വേഷണ കമ്മിഷൻ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഈ ആവശ്യവുമായി പരാതിക്കാരിയായ യുവനേതാവിനെ കണ്ടത്. പൊതുസമൂഹത്തിൽ എം എൽഎയ്ക്ക്‌ ഇപ്പോൾത്തന്നെ വേണ്ട ശിക്ഷകിട്ടി. അതിനാൽ പാർട്ടി തലത്തിൽ കടുത്ത നടപടി ലഭിക്കാത്ത തരത്തിൽ മൊഴിയിൽ ചില മാറ്റം വരുത്തണമെന്നാണ് ആവശ്യപ്പെട്ടത്. 

ഒത്തുതീർപ്പുശ്രമവുമായി 15-നാണ് ഉന്നതൻ യുവതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം ജില്ലയിലെ ഡിവൈഎഫ്ഐ നേതാവായ യുവതി അംഗീകരിച്ചില്ലെന്നാണ് സൂചന. സെപ്റ്റംബർ 14-ന് പരാതിക്കാരി അന്വേഷണക്കമ്മിഷന് മുമ്പാകെ കൊടുത്ത മൊഴി ശക്തമാണ്. ഈ മൊഴിയുമായി മുന്നോട്ടുപോയി അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചാൽ കടുത്തനടപടി എടുക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് തീവ്രശ്രമം നടക്കുന്നത്. പാർട്ടിയിൽ ഔദ്യോ​ഗിക പക്ഷത്തിന്റെ അടുത്ത ആളാണ് പികെ ശശി. ഇപ്പോൾ ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.കെ. ശശിയെ ഏരിയാതലത്തിലേക്ക് തരംതാഴ്ത്തി നടപടി ഒതുക്കിത്തീർക്കാനും ഒരുവിഭാഗം ശ്രമം നടത്തുന്നുണ്ട്. 

പാർട്ടിയിൽ വിശ്വാസമാണെന്ന് പറഞ്ഞ യുവതി, പൊലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല.  അതിനിടെ, വിഷയത്തിൽ നാലുപേരുടെ മൊഴി പാർട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷൻ തിങ്കളാഴ്ച എടുക്കുമെന്ന് സൂചനയുണ്ട്. ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗങ്ങളായ രണ്ടുപേരിൽനിന്നും കാഞ്ഞിരപ്പുഴയിലെ രണ്ട് സി.പി.എം. പ്രാദേശിക നേതാക്കളിൽനിന്നുമാണ് മൊഴിയെടുക്കുകയെന്ന് അറിയുന്നു. ഡി.വൈ.എഫ്.ഐ. നേതാക്കളെപ്പറ്റി യുവതി പരാമർശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പെൺകുട്ടിയുടെ പരാതിക്ക് അനുകൂലമായ സാക്ഷിമൊഴികളാവും ഇവരിൽനിന്നുണ്ടാകുക.

പി.കെ. ശശി നൽകിയ വിശദീകരണവുമായി ബന്ധപ്പെട്ടാണ് മറ്റ് രണ്ടുപേരിൽനിന്ന് മൊഴിയെടുക്കുക. ഇവർ ശശിയെ പിന്തുണച്ചേക്കുമെന്നാണ് സൂചന. ശബ്ദരേഖയുൾപ്പെടെ ശക്തമായ തെളിവുകൾ പക്കലുള്ള സാഹചര്യത്തിൽ യുവതിക്ക് യോജിപ്പില്ലാത്ത ഒരു നടപടിയെടുക്കുക അത്ര എളുപ്പമല്ല. ഇത് പുറത്തുവന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നത് പാർട്ടിക്ക് ദോഷകരമാകുമെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ്  അനുനയനീക്കം സജീവമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com