അലക്ഷ്യമായി ഫോണിലൂടെ സംസാരിച്ച് വെട്ടിലാക്കരുത് ; നേതാക്കളെ ഉപദേശിച്ച് സിപിഎം ജില്ലാ സെക്രട്ടറി

സമൂഹമാധ്യമങ്ങളുടെ പ്രചാരണം തിരിച്ചറിയണമെന്നും പുറംലോകം അറിഞ്ഞാൽ പാർട്ടിക്കാണ് നാണക്കേടുണ്ടാകുകയെന്നും ജില്ലാ സെക്രട്ടറി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി :  ഫോണിലൂടെ സംസാരിക്കുമ്പോൾ പാർട്ടി നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നേതാക്കളോട് സിപിഎം ജില്ലാ സെക്രട്ടറി. സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ സംഗതി കൈവിട്ടുപോകുമെന്നും നേതാക്കൾക്ക് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ മുന്നറിയിപ്പ് നൽകി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് പ്രാദേശിക നേതാക്കൾക്ക് ജില്ലാ സെക്രട്ടറി നിർദേശം നൽകിയത്. 

പാർട്ടിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടന്ന ശുചീകരണത്തിനിടെ ചെറുതോണിയിലെ ഹോട്ടൽ ഉടമയെ ഫോണിലൂടെ അധിക്ഷേപിച്ച ജില്ലാ നേതാവിന്റെ പ്രവൃത്തി വിവാദമായിരുന്നു. കപ്പയും മീൻകറിയും എത്തിക്കാത്തതിന്റെ പേരിലായിരുന്നു ജില്ലാ സെക്രട്ടേറിയറ്റം​ഗത്തിന്റെ അധിക്ഷേപം. വിഷയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായപ്പോഴായിരുന്നു ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്. 

സമൂഹമാധ്യമങ്ങളുടെ പ്രചാരണം നേതാക്കൾ തിരിച്ചറിയണമെന്നും പുറംലോകം അറിഞ്ഞാൽ പാർട്ടിക്കാണ് ജനമധ്യത്തിൽ നാണക്കേടുണ്ടാകുന്നതെന്ന കാര്യം എല്ലാവരും ഓർക്കണമെന്നും ജില്ലാ സെക്രട്ടറി ഓർമ്മിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ അസഭ്യവർഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് ചിലർ ഫോർവേഡ് ചെയ്‌തിരുന്നു. 

കാര്യങ്ങൾ വിശദീകരിക്കാൻ ജില്ലാ സെക്രട്ടേറിയറ്റംഗം ശ്രമിച്ചെങ്കിലും നേതാവിനു ചേർന്ന നടപടിയായിരുന്നില്ലെന്ന വിലയിരുത്തലായിരുന്നു പല നേതാക്കളും പ്രകടിപ്പിച്ചത്. ഇതിനിടെയാണ് ജില്ലാ സെക്രട്ടറി ജയചന്ദ്രൻ ഇടപെട്ടത്. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ മാത്രമല്ല, പാർട്ടിയുടെ ഉന്നതസ്‌ഥാനം വഹിക്കുന്ന എല്ലാ നേതാക്കളും ഫോണിലൂടെ സംസാരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ സെക്രട്ടറി നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com