വര്‍ഷങ്ങള്‍ നീണ്ട വാദങ്ങള്‍; മാറി മറിഞ്ഞ നിലപാടുകളും പ്രതിഷേധങ്ങളും; ശബരിമല കേസിന്റെ നാള്‍വഴി

സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ശരിവച്ച ഹൈക്കോടതി വിധി വന്ന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴാണ് പരമോന്നത കോടതി സുപ്രധാന തീരുമാനം കൈക്കൊള്ളാന്‍ പോകുന്നത്
വര്‍ഷങ്ങള്‍ നീണ്ട വാദങ്ങള്‍; മാറി മറിഞ്ഞ നിലപാടുകളും പ്രതിഷേധങ്ങളും; ശബരിമല കേസിന്റെ നാള്‍വഴി

വര്‍ഷങ്ങള്‍ നീണ്ടുനിന്ന വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ശരിവച്ച ഹൈക്കോടതി വിധി വന്ന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴാണ് പരമോന്നത കോടതി സുപ്രധാന തീരുമാനം കൈക്കൊള്ളാന്‍ പോകുന്നത്. 

ശബരിമല കേസിന്റെ ചരിത്രം ഇങ്ങനെ: 


1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഇതുപ്രകാരം ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം 1991ല്‍ കേരള ഹൈക്കോടതി ശരിവച്ചു. അതിനെതിരെ യംഗ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ 2006ലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. 2008ലാണ് കേസില്‍ നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. പിന്നീട് കേസ് പരിഗണിക്കുന്നത് ഏഴ് വര്‍ഷത്തിന് ശേഷമാണ്. 

ഭരണഘടനാപരമായി നിലനില്‍ക്കാത്ത നിരോധനങ്ങള്‍ റദ്ദാക്കുമെന്ന് കേസ് പരിഗണിക്കുമ്പോഴെല്ലാം കോടതി ആവര്‍ത്തിച്ചു. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകളിലുള്ള മലക്കം മറിച്ചിലിനെയും കോടതി വിമര്‍ശിച്ചു. 

2007ല്‍ അന്നത്തെ വി.എസ്.സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആചാരങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന നിലപാട് സ്വീകരിച്ചു. 

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വിഎസ് സര്‍ക്കാരിന്റെ നിലപാടിലേക്ക് തന്നെ മടങ്ങിപ്പോയി. 2017 ഒക്ടോബറിലാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. എട്ടു ദിവസത്തെ തുടര്‍ച്ചയായ വാദത്തിന് ശേഷം ഓഗസ്റ്റ് എട്ടിന് അഞ്ചംഗ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി. 

കേസ് നടക്കുന്ന കാലത്ത് ഉടനീളം ഹിന്ദുസംഘടനകള്‍ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തി. ആര്‍എസ്എസ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തി. ചില ഹിന്ദു സംഘടനകള്‍ ഹര്‍ത്താല്‍ നടത്തി. ഒരുവിഭാഗം സ്ത്രീകള്‍ റെഡി ടു വയ്റ്റ് ക്യാമ്പയിനുമായി സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയതും ശ്രേദ്ധേയമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com