ശബരിമല സ്ത്രീ പ്രവേശനം: ചരിത്ര വിധി ഇന്ന് 

ദീപക് മിശ്ര സുപ്രീം കോടതിയില്‍ നിന്ന് പടിയിറങ്ങുന്നതിന് മുന്‍പുള്ള ചരിത്രപ്രധാനമായ മറ്റൊരുവിധിയാകും ശബരിമല
ശബരിമല സ്ത്രീ പ്രവേശനം: ചരിത്ര വിധി ഇന്ന് 


ന്യൂഡല്‍ഹി : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്. എട്ടുദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഓഗസ്ത് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്.  പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് കോടതി തീര്‍പ്പുകല്‍പ്പിക്കുന്നത്. ദീപക് മിശ്ര സുപ്രീം കോടതിയില്‍ നിന്ന് പടിയിറങ്ങുന്നതിന് മുന്‍പുള്ള ചരിത്രപ്രധാനമായ മറ്റൊരുവിധിയാകും ശബരിമല

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പുറമേ ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. പുരുഷന്‍മാര്‍ക്ക് അനുവദനീയമെങ്കില്‍, പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്നും അതു ഭരണഘടനാപരമായ അവകാശമാണെന്നും വാദത്തിനിടെ ഭരണഘടനാ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ കോടതിയെ സഹായിക്കാനായി രണ്ട് അമിക്കസ് ക്യൂറിമാരെയാണ് നിയോഗിച്ചിരുന്നത്. ഇതില്‍ രാജു രാമചന്ദ്രന്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് കോടതി എടുക്കേണ്ടതെന്ന് അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ വാദിച്ചു.എന്നാല്‍ രണ്ടാമത്തെ അമിക്കസ് ക്യൂറി കെ രാമമൂര്‍ത്തി സ്ത്രീപ്രവേശനത്തെ ശക്തമായി എതിര്‍ത്തു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അതേപോലെ സംരക്ഷിക്കണം എന്നതായിരുന്നുരാമമൂര്‍ത്തിയുടെ വാദം. മതവിശ്വാസം അനുസരിച്ചാണ് അയ്യപ്പ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനമെന്നും വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ലെന്നും കെ രാമമൂര്‍ത്തി പറഞ്ഞു. മതവിശ്വാസം കണക്കിലെടുക്കുമ്പോള്‍ കേരള ഹിന്ദു ആരാധാനാലയ നിയമം ഇവിടെ പരിഗണിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ മാറ്റുന്നത് രാഷ്ട്രീയ സമ്മര്‍ദം കൊണ്ടാണെന്ന് കെ രാമമൂര്‍ത്തി ആരോപിച്ചു.

ഭരണഘടനാ മൂല്യങ്ങള്‍ വച്ച് മതവിശ്വാസം പരിശോധിക്കപ്പെടരുത്. യഹോവാ സാക്ഷികളുടെ ദേശീയ ഗാന കേസില്‍ ഇക്കാര്യം സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യഹോവാ സാക്ഷികള്‍ ദേശീയഗാനം ആലപിക്കേണ്ടതില്ലെന്ന് കോടതി വിധിച്ച കാര്യം രാമമൂര്‍ത്തി ചൂണ്ടിക്കാട്ടി. മതവിശ്വാസം പോലെയുള്ള കാര്യങ്ങളല്ല ഭരണഘടനാ ബെഞ്ചില്‍ പരിശോധിക്കപ്പെടേണ്ടതെന്നും രാമമൂര്‍ത്തി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്കുള്ള ആരാധനാസ്വാതന്ത്ര്യം ഏതെങ്കിലും നിയമത്തെ ആശ്രയിച്ചുള്ളതല്ല, ഭരണഘടനാപരമാണ്. സ്ത്രീയും ഈശ്വരന്റെ, അല്ലെങ്കില്‍ പ്രകൃതിയുടെ സൃഷ്ടിയാണ്. തൊഴിലിലും ഈശ്വരാരാധനയ്ക്കുള്ള അവകാശത്തിലും അവരോട് വേര്‍തിരിവു കാട്ടുന്നതെന്തിന്? എന്ന് കോടതി ചോദിച്ചിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തപ്പോള്‍, പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഹര്‍ജിക്കാരെ അനുകൂലിക്കുന്നതായി കേരളത്തിനുവേണ്ടി ഹാജരായ അഡ്വ. ജയ്ദീപ് ഗുപ്ത വ്യക്തമാക്കിയപ്പോള്‍, ഇതു നാലാം തവണയാണു കേരളം നിലപാടു മാറ്റുന്നതെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിമര്‍ശിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com